ലോകബാങ്കിന്റെ മേധാവി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജനെ ജോ ബൈഡൻ നാമനിർദേശം ചെയ്തു. മുൻ മാസ്റ്റർകാർഡ് സിഇഒ അജയ് ബൻഗയെയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തത്. നിലവിൽ ലോകബാങ്ക് മേധാവിയായ ഡേവിഡ് മാൽപാസ് നേരത്തെ തന്നെ വിരമിക്കൽ തീരുമാനം അറിയിച്ചിരുന്നു.
ഇന്ത്യൻ അമേരിക്കനാണ് 63 കാരനായ ബൻഗ. ഓഹരി സ്ഥാപനമായ ജനറൽ അറ്റ്ലാന്റികിലെ നിലവിലെ വൈസ് ചെയർമാൻ കൂടിയാണ് അദ്ദേഹം. മാർച്ച് 29 വരെ നാമനിർദേശ പ്രക്രിയ നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം വനിതാ സ്ഥാനാർഥികളെ പ്രോത്സാഹിപ്പിക്കുമെന്ന് ബാങ്ക് വ്യക്തമാക്കി.
സാധാരണയായി ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് അമേരിക്കക്കാരാണ്. അതേസമയം അന്താരാഷ്ട്ര നാണിയ നിധി മേധാവി സ്ഥാനത്ത് യൂറോപ്യനുമായിരിക്കും. 2019ൽ ഡൊണാൾഡ് ട്രംപാണ് ഡേവിഡ് മാൽപാസിനെ ലോകബാങ്ക് മേധാവി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. അദ്ദേഹത്തിന്റെ കാലാവധി 2024നാണ് അവസാനിക്കുക. എന്നാൽ ഡേവിഡ് നേരത്തെ തന്നെ സ്ഥാനമൊഴിയുകയാണെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മേധാവിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്.