പാകിസ്ഥാനിലെ മാധ്യമ നിയന്ത്രണങ്ങളിലും മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് അനുഭാവമുണ്ടെന്ന് ആരോപിച്ച് ഒരു ടെലിവിഷൻ ചാനലിന് പാക് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണെന്നും ഇതിൽ ആശങ്കയുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
ഖാനും അദ്ദേഹത്തിന്റെ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) പാർട്ടിക്കും പിന്തുണ നൽകുന്ന മറ്റൊരു വാർത്താ ചാനലായ ബോൾ ന്യൂസ് കഴിഞ്ഞയാഴ്ച പാകിസ്ഥാൻ അധികൃതർ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. ലൈസൻസ് പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കാത്തതിനാലാണ് ചാനൽ അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്ന് രാജ്യത്തെ മീഡിയ റെഗുലേറ്ററി ബോഡി പറഞ്ഞു.
താനുൾപ്പെടെ ഏതാനും വ്യക്തികളെ കമ്പനിയിൽ നിന്ന് പുറത്താക്കാൻ മാനേജ്മെന്റിന് മേൽ സമ്മർദ്ദമുണ്ടെന്ന് ചാനൽ മേധാവി പറഞ്ഞു. നിലവിലുള്ള സർക്കാരിന്റെ സമ്മർദ്ദത്തിന് ഞങ്ങൾ വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.