തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി. വൈദ്യുതി ഉപഭോഗത്തിൽ വൻതോതിൽ വർധനവുണ്ടായതും ജാർഖണ്ഡിലെ മൈത്തോണ്‍ വൈദ്യുതി നിലയത്തിലെ ഒരു ജനറേറ്റർ തകരാറിലായതിനെ തുടർന്ന് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടാവുകയും ചെയ്തതോടെയാണ് അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധിയുണ്ടായത്.
ഇതോടെ വൈകിട്ട് ഏഴ് മണി മുതൽ രാത്രി പതിനൊന്ന് വരെ വൈദ്യുതി ലഭ്യതയിൽ 500 മെഗാവാട്ട് മുതൽ 650 മെഗാവാട്ട് വരെ കുറവുണ്ടാകുമെന്നാണ് കരുതുന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. പ്രതിസന്ധി മറികടക്കാൻ വൈകിട്ട് ഏഴ് മുതൽ രാത്രി 11 വരെയുള്ള സമയത്ത് പൊതുജനങ്ങൾ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.
വൈകിട്ടോടെ തന്നെ സംസ്ഥാനത്ത് എല്ലായിടത്തും കെഎസ്ഇബി ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിലടക്കം പലയിടത്തും വൈദ്യുതി ഇടയ്ക്കിടെ കട്ടാവുന്നുണ്ട്.