ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്. ഉത്തര്‍ പ്രദേശിലെ സ്കൂളില്‍ അധ്യാപികയുടെ നിര്‍ദേശ പ്രകാരം സഹപാഠികള്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ കുട്ടിയുടെ മുഖം കാണുന്നുണ്ടെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
മുസഫര്‍ നഗര്‍ പൊലീസ് ആണ് മുഹമ്മദ് സുബൈറിനെതിരെ കേസ് എടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 74ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തെറ്റില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയാല്‍ ആറ് മാസം തടവ് ശിക്ഷയോ അല്ലെങ്കില്‍ രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കാനോ ആണ് ആവശ്യപ്പെടുക.
അതേസമയം അധ്യാപികയ്ക്കെതിരെ കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്ന് മുസഫര്‍ നഗര്‍ ജില്ല മജിസ്ട്രേറ്റ് അരവിന്ദ് മല്ലപ്പ ബംഗാരി പറഞ്ഞു.
കുട്ടി മണിക്കൂറുകളോളം നില്‍ക്കുകയും മറ്റു കുട്ടികള്‍ക്ക് മുന്നില്‍ നാണം കെടുകയും ചെയ്തുവെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.
മുസഫര്‍ നഗറിലെ നേഹ പബ്ലിക് സ്കൂളിലാണ് വിദ്യാര്‍ത്ഥിയെ അപമാനിച്ച സംഭവം ഉണ്ടായിരുന്നത്.