പമ്പ: ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയവർ സന്നിധാനത്ത് എത്താതിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. വെർച്വൽ ക്യു വഴി ബുക്ക് ചെയ്യുന്നവരിൽ മുപ്പത് ശതമാനം പേരെങ്കിലും ദർശനത്തിന് എത്തുന്നില്ലെന്നാണ് പുതിയ കണക്ക്. വരാൻ കഴിയാത്തവർ ബുക്കിംഗ് ക്യാൻസൽ ചെയ്യണമെന്ന് ദേവസ്വം ബോർഡ് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഇതിനോട് കാര്യമായ പ്രതികരണം ആളുകളിൽ നിന്നുണ്ടായിട്ടില്ല. അതേസമയം തത്സമയ ബുക്കിംഗ് ഓരോ ദിവസം കഴിയും തോറും കൂടി വരുന്നതായാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
പ്രതിദിനം എഴുപതിനായിരം ആളുകള്‍ക്കാണ് വെർച്വല്‍ ക്യൂ വഴി പരമാവധി ബുക്ക് ചെയ്യാൻ കഴിയുന്നത് . ഇത്തവണ മണ്ഡലകാലത്ത് നട തുറക്കും മുൻപേ തന്നെ നവംബർ മാസത്തിലെ ബുക്കിങ് അവസാനിച്ചിരുന്നു. എന്നാല്‍, മുൻകൂട്ടി ബുക്ക് ചെയ്തവർ ദർശനത്തിന് എത്തുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല ദിവസങ്ങളിലും ബുക്ക് ചെയ്തവരില്‍ പകുതിയോളം മാത്രമാണ് എത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഗണ്യമായ കുറവാണുണ്ടായത്. നേരത്തെ തന്നെ ബുക്കിങ് പൂർത്തിയായതോടെ പുതുതായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കും ഉദ്ദേശിച്ച സമയത്ത് ദർശനം കിട്ടുന്നില്ല.
ബുക്ക് ചെയ്തവര്‍ ശബരിമലയിലെത്താത്തത് പ്രതിസന്ധിയാണെന്നും വരുന്നില്ലെങ്കില്‍ ബുക്കിങ് ക്യാന്‍സല്‍ ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടും പാലിക്കപ്പെടുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. പ്രതിദിന വെർച്വല്‍ ക്യൂ ബുക്കിങ്ങ് എഴുപതിനായിരത്തില്‍ നിന്ന് എണ്‍പതിനായിരം ആക്കി ഉയർത്തണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണിനയിലിരിക്കെയാണ് ബുക്ക് ചെയ്തവർ ദർശനത്തിനെത്താത്ത സാഹചര്യം.
മൂന്നിടങ്ങളില്‍ തത്സമയ ബുക്കിങ്ങ് സൗകര്യമുണ്ടെങ്കിലും എത്തിയാല്‍ ദർശനം കിട്ടാതെ മടങ്ങിപോകേണ്ടി വരുമോ എന്ന ആശങ്കയുണ്ട് ചില തീർത്ഥാടകർക്ക്. അങ്ങനെയുള്ളവർക്കാണ് വെർച്വല്‍ ബുക്കിങ് സ്ലോട്ട് കിട്ടാത്തത് പ്രതിസന്ധിയുണ്ടാക്കുന്നത്. എന്നാല്‍, തത്സമയ ബുക്കിങിലൂടെ പതിനായിരത്തിലധികം തീർത്ഥാടകരാണ് ദിവസവും ദർശനത്തിനെത്തുന്നത്.