ദുബൈ: ഷെങ്കൻ വിസ മാതൃകയിൽ അറബ് രാജ്യങ്ങൾ സന്ദർശിക്കാൻ ഏകീകൃത വിസാ സംവിധാനം ഒരുങ്ങുന്നു. ഇക്കാര്യത്തിൽ ജിസിസി രാഷ്ട്രങ്ങൾ തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും വ്യവസായികൾക്കും വ്യാപാരികൾക്കുമായിരിക്കും വിസ അനുവദിക്കുക.
ഏകീകൃത വിസാ സംവിധാനം നടപ്പാക്കുന്നതോടെ ജിസിസിക്കുള്ളിലെ സഞ്ചാരം എളുപ്പമാക്കാനും ടൂറിസം മേഖലയെ വളർത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകീകൃത വിസാ സംവിധാനം എങ്ങനെ നടപ്പാക്കാം എന്ന കാര്യത്തിൽ ജിസിസി രാജ്യങ്ങൾക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫിയെ ഉദ്ധരിച്ച് ബഹ്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“യൂറോപ്പ് സന്ദർശിക്കുന്ന സഞ്ചാരികൾ ഏതെങ്കിലും ഒരു രാജ്യത്ത് താമസിച്ച് മടങ്ങാതെ നിരവധി രാജ്യങ്ങളിലേക്ക് സഞ്ചരിക്കുകയാണ് പതിവ്. ഷെങ്കൻ വിസയുടെ ഗുണമാണിത്. അതേ രീതിയിൽ ഒരു സംവിധാനം ജിസിസി രാജ്യങ്ങളും നടപ്പാക്കിയാൽ രാജ്യങ്ങൾക്ക് മാത്രമല്ല അറബ് മേഖലയ്ക്ക് പൊതുവിൽ തന്നെ അതു ഗുണം ചെയ്യും – അൽ സൈറാഫി പറഞ്ഞു.
ഏകീകൃത വിസ സംവിധാനം നടപ്പാക്കിയാൽ 35 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് ഒരൊറ്റ വിസയുമായി യാത്ര ചെയ്യാനാവും. ജിസിസി രാജ്യങ്ങളിലെ പൗരൻമാർക്കും നിയന്ത്രണങ്ങളില്ലാതെ കൗൺസിലിലെ രാജ്യങ്ങളിലേക്ക് പോയി വരാനാവും.
“ഏകീകൃത ടൂറിസം വിസ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ വിവിധ ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങൾ ചർച്ചകൾ നടത്തുകയും നടപടികൾ പുരോഗമിക്കുകയുമാണെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയത്തിലെ ടൂറിസം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സമീറ അൽ ഗരീബ് പറഞ്ഞു. എന്നാൽ സംവിധാനം അടുത്ത വർഷം തന്നെ നടപ്പാക്കുമെന്ന വാർത്തകൾ അദ്ദേഹം തള്ളി. സങ്കീർണമായ നിരവധി പ്രശ്നങ്ങൾ മറികടന്നു വേണം. ഏകീകൃത വിസാ സമ്പ്രദായം നടപ്പാക്കാനെന്നും ഇതിനു സമയമെടുത്തേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിൽ വിസയേക്കാൾ കൂടുതൽ ഇപ്പോൾ അപേക്ഷകൾ വരുന്നത് ടൂറിസം വിസകൾക്ക് ആണെന്നും പുതിയ വിസാ സമ്പ്രദായം നടപ്പാക്കാനായാൽ അത് ജിസിസിയുടെ ടൂറിസം മേഖലയ്ക്ക് കുതിപ്പേക്കുമെന്നും അൽ ഗരീബ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.