അബുദാബി: യുഎഇയില്‍ പലഭാഗങ്ങളിലും കനത്ത മഴ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ മൂലം റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടായി. അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. ബുധനാഴ്ച വരെ രാജ്യത്ത് മൂടിക്കെട്ടിയ അന്തരീക്ഷത്തിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഇതനുസരിച്ച് രാജ്യത്ത് പല സ്ഥലങ്ങളിലും ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നലെ വൈകിട്ട് മുതല്‍ മഴ പെയ്തിരുന്നു. ഫുജൈറയില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. അതേസമയം ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഒമാനിലെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നു. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകുമെന്നും അറിയിപ്പുണ്ട്.
ചൊവ്വാഴ്ച 10 മുതല്‍ 50 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 27 മുതല്‍ 46 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശും. മുസന്ദം ഗവര്‍ണറേറ്റിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും അറബി കടലിന്റെ തീരങ്ങളിലും തിരമാലകള്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്നേക്കും. ശക്തമായ കാറ്റ് വീശുന്നത് മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടി ഉയരാനും കാരണമാകും. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് വാദികളില്‍ ഇറങ്ങരുതെന്നും കപ്പല്‍ യാത്രക്കാര്‍ ദൂരക്കാഴ്ചയും കടലിന്റെ സാഹചര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കണമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഖത്തറിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.