യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയുടെ യുവേഫ പുരസ്കാരം കരിം ബൻസേമയ്ക്ക്. മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരമാണ് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കറായ ബൻസേമയ്ക്ക് ലഭിച്ചത്.
ചാംപ്യൻസ് ലീഗ്, സ്പാനിഷ് ലീഗ് കിരീടങ്ങളിലേക്ക് റയലിനെയും യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്ക് ഫ്രാൻസ് ടീമിനെയും നയിച്ച മികവാണ് ബെൻസേമയെ പുരസ്കാരത്തിന് അർഹരാക്കിയത്.സ്പാനിഷ് ലീഗിൽ 27 ഗോളുകളും ചാംപ്യൻസ് ലീഗിൽ 15 ഗോളുകളുമാണ് ബെൻസേമ നേടിയിട്ടുള്ളത. മുപ്പത്തിനാലുകാരനായ ബെൻസേമ ക്ലബ്ബിലെ സഹതാരവും ഗോൾകീപ്പറുമായ തിബോ കോർട്ടോ, മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രൂയ് എന്നിവരെ പിന്നിലാക്കിയാണ് പുരസ്കാരത്തിനുള്ള യോഗ്യത നേടിയത്.
മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബാർസിലോന വനിതാ ടീം താരം അലക്സിയ പ്യൂട്ടയാസിനാണ് . കാർലോ ആഞ്ചലോട്ടി മികച്ച പുരുഷ ടീം പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. റയൽ മഡ്രിഡിന്റെ പരിശീലാകനാണ് ആഞ്ചലോട്ടി. സറീന വീഗ്മാനാണ് മികച്ച വനിതാ ടീം പരിശീലക. ഇംഗ്ലണ്ടിനെ യുവേഫ വനിതാ യൂറോ കിരീടത്തിലേക്കു നയിച്ചത് സെറീനയായിരുന്നു. ഇസ്താംബൂളിൽ നടന്ന ചാംപ്യൻസ് ലീഗ് മത്സരക്രമത്തിന്റെ നറുക്കെടുപ്പ് ചടങ്ങിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.