ബെംഗളൂരു: കർണാടക മുഖ്യമന്ത്രിക്കെതിരെ സാമൂഹിക മാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പങ്കിട്ട ബി.ജെ.പി. പ്രവർത്തക പോലീസ് അറസ്റ്റിൽ. കർണാടകയിലെ ഉഡുപ്പിയിലെ സ്വകാര്യ കോളേജിലുണ്ടായ മൊബൈൽ ഫോൺ വിവാദത്തെ ബി.ജെ.പി രാഷ്ട്രീയമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപണം കർണാടക പിസിസിയുടെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ട്വീറ്റ് ഷെയർ ചെയ്തു കൊണ്ട് ശകുന്തള നടത്തിയ പരാമർശങ്ങളാണ് അവരുടെ അറസ്റ്റിന് ഇടയാക്കിയത്. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .
ഉഡുപ്പിയിലെ ഒരു സ്വകാര്യ കോളേജിൽ പെൺകുട്ടികളുടെ ടോയ്ലറ്റിൽ മൊബൈൽ ഫോൺ വച്ച് സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ സംഭവത്തെ സിദ്ധരാമയ്യ സർക്കാർ നിസ്സാരവത്കരിക്കുകയാണ് എന്ന് ആരോപിച്ചാണ് ബിജെപി രംഗത്ത് എത്തിയിട്ടുള്ളത്. ഇതൊരു നിസാരസംഭവമാണെന്നും സുഹൃത്തുക്കൾക്കിടയിലുണ്ടായ തമാശ മാത്രമാണെന്നും ഇതിനെ രാഷ്ട്രീയവത്ക്കരിക്കേണ്ടതില്ലെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞതും വലിയ വിവാദങ്ങൾക്ക് കാരണമായി.