കോഴിക്കോട്: കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച രണ്ട് പേരും നിപ ബാധിതരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കായി അയച്ച സാംപിളുകളുടെ ഫലമാണ് പോസിറ്റീവ് ആയത്. സംശയമുള്ള നാല് പേരുടെ സാംപിളുകൾ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
മരിച്ച രണ്ടു പേരും നിപ വൈറസ് ലക്ഷണങ്ങൾ കാണിച്ചതോടെയാണ് പരിശോധനയ്ക്ക് അയച്ചത്. മരിച്ചവരിൽ ഒരാളുടെ മൂന്ന് ബന്ധുക്കളും ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ മരിച്ച രോഗികളെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകരും നിരീക്ഷണത്തിൽ തുടരുകയാണ്. നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രി അധികൃതർ വിവരം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നാണ് ജില്ലയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ജില്ലയിലുള്ലവർ കൃത്യമായി മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. കോഴിക്കോട് ഗസ്റ്റ് ഹൌസ് കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ- 0495 2384101, 0495 2386100, 0495 2383100, 0495 2383101, 0495 2384100