സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം. എട്ടു വാർഡുകൾ പുതുതായി പിടിച്ചെടുത്തുകൊണ്ട് ആകെ 16 വാർഡുകളിലാണ് യുഡിഎഫ് ജയെ. എൽഡിഎഫ് 11 ഇടത്തും ബിജെപി രണ്ടിടത്തും ജയിച്ചു. രണ്ടു സീറ്റുകൾ നഷ്ടമായത് ബിജെപിക്കും തിരിച്ചടിയായി.
ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് പഞ്ചായത്ത് എന്നിവിടങ്ങളിലെ വാർഡുകളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എട്ടു വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാർഡ് എറണാകുളം കീരംപാറ പഞ്ചായത്ത് ആറാം വാർഡ്, വയനാട് കണിയാമ്പറ്റ പഞ്ചായത്ത് നാലാം വാർഡ്, തിരുവനന്തപുരം പഴയകുന്നുമ്മൽ പഞ്ചായത്ത് മഞ്ഞപ്പാറ വാർഡ്, തൃശൂർ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ ഡിവിഷൻ, ആലപ്പുഴ പാലമേൽ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര വാർഡ്, ഇടുക്കി ഇളംദേശം ബ്ലോക്ക്പഞ്ചായത്ത് വാർഡ് , ആലപ്പുഴ പാണ്ടനാട് പഞ്ചായത്ത് വന്മഴി വാർഡ് എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇതിൽ പാണ്ടനാട് വാർഡ് ബിജെപിയിൽ നിന്നും മറ്റുള്ളവ എൽഡിഎഫിൽ നിന്നുമാണ് പിടിച്ചെടുത്തത്.
എറണാകുളം കീരംപാറ പഞ്ചായത്ത് വാർഡ് യുഡിഎഫ് പിടിച്ചതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താൽ വാർഡ് യുഡിഎഫിൽ നിന്നും എറണാകുളം പറവൂർ നഗരസഭ വാണിയക്കാട് ഡിവിഷൻ ബിജെപിയിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ കാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് ബിജെപി സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്തു. ആലപ്പുഴ മുതുകുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ യുഡിഎഫ് ജയിച്ചു.