ആധുനിക സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം സർക്കാർ ജീവനക്കാരിൽ വർധിപ്പിക്കുന്നതിനായി പദ്ധതിയുമായി യുഎഇ. ദുബായ് ഫ്യൂച്ചർ ഫോറത്തിൽ വച്ച് ഗവൺമെന്റൽ ഡെവലപ്മെന്റ് ആൻഡ് ഫ്യൂച്ചർ സഹമന്ത്രി ഒഹൂദ് അൽ റൗമിയാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ നയരൂപകർത്താക്കൾ മുതൽ നിയമസഭാ സാമാജികർ വരെയുള്ള മുഴുവൻ ഗവൺമെന്റിന്റെയും വൈദഗ്ധ്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുമെന്നും ഇതുവഴി പുതിയ സാങ്കേതികവിദ്യ മനസ്സിലാക്കാൻ കഴിയുമെന്നും ഒഹൂദ് അൽ റൗമി പറഞ്ഞു.
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ലോകത്തിന് വേണ്ടി പൊതുമേഖലാ ജീവനക്കാർ തയ്യാറെടുക്കേണ്ടതുണ്ട്. അതിരുകളില്ലാത്ത ഡിജിറ്റൽ ലോകത്ത് വെല്ലുവിളികൾ തരണം ചെയ്യാൻ എല്ലാവരും സജ്ജരായിരിക്കണം. വൻകിട ടെക്നോളജി കമ്പനികൾക്ക് തങ്ങളുടെ ജീവനക്കാരെ ആവശ്യമായ വൈദഗ്ധ്യത്തോടെ സജ്ജമാക്കാൻ സർക്കാരുകളെ സഹായിക്കുന്നതിൽ ഉത്തരവാദിത്തമുണ്ടെന്നും ഇതിന് “സഹകരണ ടീം പ്രയത്നം” ആവശ്യമാണ്, അതുവഴി സർക്കാർ ജീവനക്കാർക്ക് അവരുടെ ജോലികൾ ശരിയായി ചെയ്യാൻ കഴിയുമെന്നും അൽ റൗമി പറഞ്ഞു.
2023 ലെ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ എമിറേറ്റ്സ് ഒരു പുതിയ ഫോറം സംഘടിപ്പിക്കും. ഭരണത്തെയും സാങ്കേതിക വിപ്ലവത്തെയും കുറിച്ചുള്ള ആശയങ്ങൾ കൈമാറാൻ ലോകമെമ്പാടുമുള്ള നയരൂപകർത്താക്കളെയും ബിസിനസ് എക്സിക്യൂട്ടീവുകളെയും വാർഷിക പരിപാടി ഒരുമിച്ച് കൊണ്ടുവരും. ആഗോള സഹകരണത്തിനുള്ള അവസരമാണ് ഈ ഉച്ചകോടി നൽകുന്നതെന്നും അൽ റൗമി പറഞ്ഞു.