യുഎഇയിൽ പ്രാഥമിക തൊഴിൽ പെർമിറ്റ്, ജോലി ചെയ്യുന്നതിനുള്ള അനുമതിയല്ലെന്നു മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. താമസ കുടിയേറ്റ വകുപ്പിൽ നിന്നു വീസ ലഭിച്ചതിന് ശേഷമേ ജോലിയിൽ പ്രവേശിക്കാവൂ. വീസ നടപടികൾക്കുള്ള അനുമതി മാത്രമാണു തൊഴിൽ പെർമിറ്റെന്നും മന്ത്രാലയം വ്യക്തമാക്കി.
വീസ ലഭിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി തൊഴിൽ കരാറും ഒപ്പിട്ടശേഷം വേണം ജോലിയിൽ പ്രവേശിക്കാൻ. ലേബർ കാർഡ് ലഭിക്കുന്നതോടെയാണ് നിയമനം നിയമാനുസൃതമാകുന്നത്. തൊഴിൽ പെർമിറ്റ് മാത്രം വച്ച് നിയമനം നടത്തുന്നതു കുറ്റകരമാണ്. തസ്തികയ്ക്ക് അനുസരിച്ചു തൊഴിലാളികൾക്കു വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പു വരുത്തിയശേഷം മാത്രം തൊഴിൽ പെർമിറ്റിന് അപേക്ഷിക്കണം.
കമ്പനിയുടെ വീസ ക്വോട്ടയ്ക്ക് അനുസരിച്ചാണ് പെർമിറ്റ് ലഭിക്കുക. നിയമനത്തിനു മുൻപു തൊഴിൽ സംബന്ധമായ വിവരങ്ങളും അവകാശങ്ങളും അടങ്ങിയ ഓഫർ ലെറ്റർ വിദേശത്തുള്ള തൊഴിലാളിക്കു നേരിട്ടോ റിക്രൂട്ടിങ് ഏജൻസികൾ വഴിയോ അയച്ചു നൽകണം. ഈ ഓഫർ ലെറ്ററുകൾ ഒപ്പിട്ടു തൊഴിലാളികൾ തിരിച്ചയയ്ക്കണം. അറബി – ഇംഗ്ലീഷ് ഭാഷകൾക്കു പുറമേ തൊഴിലാളിക്കു മനസ്സിലാകുന്ന പ്രാദേശിക ഭാഷയിലും ഓഫർ ലെറ്റർ തയാറാക്കണം.
രാജ്യത്തിനകത്തു നിന്നാണ് നിയമനം എങ്കിലും ഓഫർ ലെറ്റർ നൽകിയിരിക്കണം. സ്പോൺസർഷിപ് മാറ്റം (നഖ്ൽ കഫാല) വഴിയാണു നിയമനമെങ്കിലും ഈ നടപടികളെല്ലാം പാലിക്കേണ്ടതാണ്. തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ലഭിക്കാൻ ഇ-സിഗ്നേച്ചർ കാർഡ് കമ്പനികൾക്ക് നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.
മന്ത്രാലയം തൊഴിലാളികൾക്കു നൽകുന്ന വർക്ക് പെർമിറ്റിന് 60 ദിവസമാണ് കാലാവധി. ഇതിനകം ബാങ്കിൽ ഡിപോസിറ്റ് തുകയടച്ച് ഇമിഗ്രേഷനിൽ നിന്നു വീസയെടുത്തു നിയമന നടപടികൾ പൂർത്തിയാക്കാം . സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ പെർമിറ്റ് റദ്ദാകും. പിന്നീട് പുതിയ അപേക്ഷയ്ക്ക് പുതിയ നിരക്ക് നൽകണം. വീസ ചെലവുകൾ തൊഴിലാളിയുടെ വേതനത്തിൽ നിന്നു പിടിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.
തൊഴിൽ പെർമിറ്റ് വ്യവസ്ഥകൾ
തൊഴിലുടമയും തൊഴിലാളിയും ഒപ്പുവച്ച തൊഴിൽ ഓഫർ ലെറ്റർ .
മറ്റു തൊഴിൽ സ്ഥാപനങ്ങളുടെ ലേബർ കാർഡോ വർക്ക് പെർമിറ്റോ തൊഴിലാളിയുടെ പേരിൽ ഉണ്ടാകരുത് .
തൊഴിലാളിയുടെ പ്രായം 18 ൽ കുറയരുത് .
കമ്പനിയുടെ ആക്ടിവിറ്റിക്ക് അനുയോജ്യമായിരിക്കണം അപേക്ഷിക്കുന്ന തസ്തിക .
രാജ്യത്തെ അംഗീകൃത ബാങ്കിൽ 3000 ദിർഹം സുരക്ഷാ തുക അടയ്ക്കണം.