യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യവുമായി സുൽത്താൻ അൽ നെയാദിയുടെ യാത്ര നാളെ. സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിവെച്ച സ്പേസ് എക്സിന്റെ ക്രൂ 6 വിക്ഷേപണം നാളെ( മാർച്ച് 2) നടക്കുമെന്ന് നാസ വ്യക്തമാക്കി. വ്യാഴാഴ്ച പുലർച്ചെ 12.34 ന് EST (യുഎഇ സമയം 9.34 AM) ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ–9 റോക്കറ്റിലാണ് ബഹിരാകാശത്തേക്കുള്ള കുതിപ്പ്.
യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയുടെ സഹസഞ്ചാരികൾ സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, ആൻഡ്രി ഫെഡ്യേവ് എന്നിവരാണ്. ആറു മാസം ബഹിരാകാശത്ത് തങ്ങി ഗവേഷണത്തിൽ ഏർപ്പെടുകയാണ് യുഎഇ സ്പേസ് മിഷൻ 2 വിന്റെ ലക്ഷ്യം. യുഎഇ ആസ്ട്രോനറ്റ് പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണങ്ങളും ഇതിൽ ഉൾപ്പെടും. ബഹിരാകാശ പര്യവേഷണത്തിനായി യുഎഇയുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയാണ് യുഎഇ ആസ്ട്രോനറ്റ് പദ്ധതി ലക്ഷ്യമിടുന്നത്.
ഗ്രൗണ്ട് കൺട്രോളിൽ തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഫെബ്രുവരി 27ന് നിശ്ചയിച്ച വിക്ഷേപണം മാറ്റിവച്ചത്. തുടർന്ന് 28ലേക്ക് മാറ്റിവെച്ച ദൗത്യം കാലാവസ്ഥ പ്രതികൂലമായതിനാൽ മാർച്ച് 2ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.