വേനലവധിക്ക് ശേഷം സ്കൂളുകളിലെത്തിയ വിദ്യാർഥികൾക്ക് സന്ദേശം നൽകി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിദ്യാർഥികൾ വലിയ സ്വപ്നങ്ങൾ കാണണമെന്നും പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്നും അദ്ദേഹം ഓഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. പ്രസിഡന്റിന്റെ ഓഡിയൊ സന്ദേശം രാജ്യത്തുടനീളമുള്ള ക്ലാസ് മുറികളിൽ പ്രക്ഷേപണം ചെയ്തു.
രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥിതിയുടെ ഉന്നമനത്തിന് വിദ്യാഭ്യാസ മേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണ്. യുവാക്കളുടെ ആഗ്രഹങ്ങളെയും കാഴ്ചപ്പാടുകളേയും വളർത്തിയെടുക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന്യം വളരെ വലുതാണ്. വിജയകരമായ ഒരു അധ്യയന വർഷത്തിലെക്ക് വിദ്യാർത്ഥികളെയും അധ്യാപകരെയും സ്വാഗതം ചെയ്തുകൊണ്ട് സന്ദേശമറിയിക്കുകയായിരുന്നു പ്രസിഡന്റ് ശൈഖ് മുഹമ്മദ്.
വിദ്യാഭ്യാസം നൽകുകയെന്നത് സ്കൂളുകളിൽ നിന്നും മാത്രമല്ല, മറിച്ച് കുടുംബങ്ങളുടേയും സമൂഹത്തിന്റേയും ഉത്തരവാദിത്വമാണെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. വിദ്യാഭ്യാസമുള്ള തലമുറയെ വാർത്തെടുക്കുന്നത് രാജ്യത്തിന്റെ അഭിമാനമാണെന്നും ലഘു സന്ദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.