യുഎഇയുടെ റാഷിദ് റോവർ ഏപ്രിൽ 25 ന് ചാന്ദ്രോപരിതലത്തിൽ ഇറങ്ങാൻ പോകുന്ന വേളയിൽ അടുത്ത ചാന്ദ്ര ദൗത്യത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥർ. ദുബായിൽ നടന്ന ബഹിരാകാശ പ്രവർത്തനങ്ങളെക്കുറിച്ചുള്ള 17-ാമത് അന്താരാഷ്ട്ര കോൺഫറൻസിലാണ് (സ്പേസ് ഓപ്സ് 2023) മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ (എംബിആർഎസ്സി) ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യം വെളിപ്പെടുത്തിയത്.
റാഷിദ് റോവറിനെയും വഹിച്ചുള്ള ജപ്പാന്റെ ലാൻഡർ 16 ലക്ഷം കി.മീ സഞ്ചരിച്ച് ചന്ദ്രന്റെ സഞ്ചാരപഥത്തിലേക്കു പ്രവേശിച്ചു. ഏപ്രിൽ 25ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ട്.
“റാഷിദ് റോവർ അവസാനമല്ല, പരീക്ഷണങ്ങളുടെ തുടക്കമാണ്. റോവറിന്റെ വിജയം പരിഗണിക്കാതെ തന്നെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ അടുത്ത ഓപ്പറേഷനായി ഞങ്ങൾ പ്രവർത്തിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്തുവെന്ന് എമിറേറ്റ്സ് ലൂണാർ മിഷൻ പ്രോജക്റ്റ് മാനേജർ ഡോ ഹമദ് അൽ മർസൂഖി പറഞ്ഞു. 1959 ജനുവരി 4-ന് സോവിയറ്റ് യൂണിയൻ നടത്തിയ ചന്ദ്രനിലേക്കുള്ള ലോകത്തിലെ ആദ്യത്തെ വിജയകരമായ ദൗത്യം ലൂണ 1 ആയിരുന്നു. അവരുടെ ആദ്യത്തെ ‘മൂൺ ഫ്ലൈബൈ’ ദൗത്യം പ്രത്യക്ഷത്തിൽ ആറാം ദൗത്യത്തിൽ മാത്രമാണ് വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം റാഷിദ് റോവർ ഇനി കടന്നു പോകുന്നത് അതിതീവ്ര ഘട്ടങ്ങളിലൂടെയാണെന്ന് എംബിആർഎസ്സിയിലെ മാർസ് 2117 പ്രോഗ്രാമിലെ സ്പേസ് റോബോട്ടിക്സ് ലാബിലെ സീനിയർ എക്സ്പെർട്ട് ഡോ സാറ അൽമൈനി പറയുന്നു. ചന്ദ്രന്റെ അന്തരീക്ഷത്തിൽ, വ്യത്യസ്ത താപനില മാറ്റങ്ങളുമുണ്ട്. റോവർ സൂര്യനെ അഭിമുഖീകരിക്കുന്ന ഭാഗത്ത് താപനില 120 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം, മറുവശത്ത് നിഴൽ ഉള്ളിടത്ത് താപനില താഴാം – 130° C വരെ. ചന്ദ്രന്റെ ചുറ്റുപാടും ഈ വ്യത്യാസം ഉള്ളത് തന്നെ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.