സ്കൂൾ ബസുകൾക്കുള്ളിൽ കുടുങ്ങിപ്പോയാൽ എന്തുചെയ്യണമെന്ന് അൻപത് ശതമാനം കുട്ടികൾക്കും അറിയില്ലെന്ന് പഠനം. യുഎഇയിലെ 6 നും 8 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ഷാർജയിലെ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് (സിഎസ്ഡി) പഠനം നടത്തിയത്. എമിറേറ്റിലെ സിവിൽ ഡിഫൻസ് അതോറിറ്റിയുമായി സഹകരിച്ചാണ് സിഎസ്ഡി റിപ്പോർട്ട് പുറത്തുവിട്ടത്.
സ്കൂൾ ബസിൽ കുടുങ്ങിപ്പോയാൽ എങ്ങനെ രക്ഷപെടണമെന്ന് പകുതിയലധികം കുട്ടികൾക്കും അറിയില്ലെന്നും പഠനത്തിൽ വ്യക്തമായി. അടച്ച സ്കൂൾ ബസിനുള്ളിൽ ഓരോ കുട്ടിയെയും തനിച്ചാക്കിയായിരുന്നു സിഎസ്ഡി പഠനം നടത്തിയത്. ബസിൽ കുടുങ്ങിപോകുമ്പോൾ വാഹനത്തിനുള്ളിലെ ഉയർന്ന താപനിലയും ഓക്സിജന്റെ അഭാവവും ഗുരുതരമായ അപകടങ്ങൾ ക്ഷണിച്ചുവരുത്തിയേക്കും. ഈ സാഹചര്യത്തിലാണ് ഷാർജ സിവിൽ ഡിഫൻസ് കുട്ടികൾക്കായുള്ള പ്രത്യേക ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചത്.
ബസിനുള്ളിലോ അടച്ച വാഹനത്തിനകത്തോ കുട്ടികൾ പെട്ടുപോകുകയാണെങ്കിൽ വാഹനങ്ങളുടെ ജനാലകൾ തുറക്കാനും, പുറത്തുകടക്കാൻ സഹായിക്കുന്നതിനായി ആവർത്തിച്ച് ഹോൺ മുഴക്കി മറ്റുള്ളവരുടെ സഹായം തേടാനും CSD ബോധവൽക്കരണം നടത്തി.