അബുദാബി: ഈദ് അൽ ഫിത്തർ പ്രമാണിച്ച് സർക്കാർ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ച് യുഎഇ സർക്കാർ. ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെയായിരിക്കും അവധി. ഈദ് അൽ ഫിത്തർ അവധി കഴിഞ്ഞു ഏപ്രിൽ 15 തിങ്കളാഴ്ച സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കും.
ഏപ്രിൽ ആറും ഏഴും ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ ദിനങ്ങൾ കൂടിയായതിനാൽ ഫലത്തിൽ ഒൻപത് ദിവസത്തെ അവധിയാലും സർക്കാർ ജീവനക്കാർക്ക് ലഭിക്കും. ഒരു മാസം നീണ്ടു നിൽക്കുന്ന വ്രതാനുഷ്ഠാനത്തിൻ്റെ അവസാനത്തെ ദിനങ്ങൾ കൂടിയാണിത്. മാസപ്പിറവി കണക്കിലെടുക്കാതെ തന്നെ അവധി ഔദ്യോഗിക ഏപ്രിൽ എട്ടിന് ആരംഭിക്കും എന്നാണ് സർക്കാർ അറിയിപ്പിൽ പറയുന്നത്.
ഇസ്ലാമിക കലണ്ടർ പ്രകാരം, ചന്ദ്രനെ കാണുന്നത് അനുസരിച്ച് റമദാൻ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. റമദാനിന് ശേഷമുള്ള ശവ്വാൽ മാസമാണ് ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്. വിശുദ്ധ റമദാൻ മാസത്തിൻ്റെ അവസാനത്തോട് അടുക്കുമ്പോൾ ഈ വർഷത്തെ ഏറ്റവും നീണ്ട അവധിക്കാലം കിട്ടുന്നതിൻ്റെ ആഹ്ലാദവും കൂടിയാണ് ഈദ് അൽ ഫിത്തറിൽ വരുന്നത്.