യുഎഇ പുതുവർഷത്തിരക്കിലേക്ക് കടന്നതോടെ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. കഴിവതും സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കാനാണ് ആർടിഎയുടെ നിർദേശം. റോഡിലെ തിരക്കു കണക്കിലെടുത്ത് ട്രക്ക്, ലോറി, തൊഴിലാളി ബസ് എന്നീ ഹെവി വാഹനങ്ങൾക്ക് അബുദാബി നഗരത്തിലേക്കു പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് 7 മുതൽ ജനുവരി ഒന്നിന് പുലർച്ചെ ഒന്നുവരെയാണ് വിലക്ക്. ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, മുസഫ, മഖ്ത പാലങ്ങൾക്കു മുൻപ് ഈ വാഹനങ്ങൾ നിർത്തിയിടണം. ഞായറാഴ്ച രാവിലെ 7ന് ശേഷമേ നഗരത്തിലേക്കു ഇവയെ പ്രവേശിപ്പിക്കൂ.
ശുചീകരണ തൊഴിലാളി വാഹനങ്ങൾക്കു വിലക്ക് ബാധകമല്ലെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മഹ്മൂദ് അൽ ബലൂഷി പറഞ്ഞു. നിയമലംഘകരെ കണ്ടെത്താൻ പട്രോളിങ് ശക്തമാക്കും. യാത്രക്കാർ ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കണമെന്ന് അഭ്യർഥിച്ചു.
അടച്ചിടുന്ന റോഡുകൾ
- നാളെ വൈകിട്ട് നാലോടെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാഡ് അടയ്ക്കും. ബൊളിവാഡിലെ പാർക്കിങ് നിറഞ്ഞാൽ, 4നു മുൻപേ റോഡുകൾ അടച്ചേക്കും.
- ഫിനാൻഷ്യൽ സെന്റർ റോഡിലെ താഴത്തെ നില നാളെ വൈകുന്നേരം 4ന് അടയ്ക്കും. അൽ സുഖൂക് തെരവ് രാത്രി 8ന് അടയ്ക്കും.
- ഊദ് മേത്ത മുതൽ ബുർജ് ഖലീഫ വരെയുള്ള അൽ അസായൽ റോഡിൽ വൈകുന്നേരം 4 മുതൽ പൊതുഗതാഗതം നിർത്തിവയ്ക്കും. ബസുകൾക്കും ആംബലൻസുകൾക്കും അടിയന്തര ആവശ്യങ്ങൾക്കായി ഓടുന്ന വാഹനങ്ങൾക്കും മാത്രമാകും റോഡ് ഉപയോഗിക്കാൻ അനുമതി.
- സെക്കൻഡ് സബീൽ റോഡും അൽ മേയ്ദാൻ റോഡും വൈകിട്ട് 4ന് അടയ്ക്കും.