അബുദാബി ബിഗ് ടിക്കറ്റ് 250-ാം സീരിസ് നറുക്കെടുപ്പിൽ രണ്ട് കോടി ദിർഹത്തിന്റെ (44 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം സ്വന്തമാക്കി മലയാളി.
ബംഗളുരുവിൽ താമസിക്കുന്ന അരുൺകുമാർ വടക്കേ കോറോത്ത് ആണ് 261031 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഒന്നാം സമ്മാനം സ്വന്തമാക്കിയത്. മാർച്ച് 22ന് ഓൺലൈൻ വഴിയാണ് അദ്ദേഹം സമ്മാനാർഹമായ ടിക്കറ്റെടുത്തത്. ഒന്നാംസമ്മാനത്തിന് അർഹനായ വിവരം അറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ നറുക്കെടുപ്പ് വേദിയിൽ വെച്ച് അദ്ദേഹത്തെ ഫോണിൽ വിളിച്ചെങ്കിലും കബളിപ്പിക്കുകയാണെന്ന് കരുതി പ്രതികരിക്കാതെ അദ്ദേഹം ഫോൺ കട്ട് ചെയ്യുകയായിരുന്നു.
ബിഗ് ടിക്കറ്റിന്റെ ആകെ 11 നറുക്കെടുപ്പുകളിൽ ഒൻപതിലും സമ്മാനങ്ങൾ സ്വന്തമാക്കിയത് ഇന്ത്യക്കാർ തന്നെയായിരുന്നു. ബൈ ടു, ഗെറ്റ് വൺ ഓഫറിലൂടെ സൗജന്യമായി ലഭിച്ച ടിക്കറ്റുകളിലൂടെയും ഇന്ന് മൂന്ന് പേരെ ഭാഗ്യം തേടിയെത്തിയെന്ന പ്രത്യേകതയുണ്ട്. ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻ സുരേഷ് മാത്തനാണ് ഒരു ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചത്. 018462 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ഇന്ത്യൻ പൗരനായ മുഹമ്മദ് ഷഫീഖ് 333142 എന്ന നമ്പറിലൂടെ 90,000 ദിർഹത്തിന്റെ മൂന്നാം സമ്മാനവും, മറ്റൊരു ഇന്ത്യക്കാരനായ റിയാസ് തിരുവട്ടുതൊടി 259107 എന്ന നമ്പറിലൂടെ 80,000 ദിർഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി.