പ്രവാസികളായ വിമാനയാത്രക്കാരോട് കേന്ദ്ര സർക്കാർ അവഗണന തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിക്ഷേധം ശക്തമാവുന്നു. എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കുകയും സർവിസുകൾ വെട്ടിച്ചുരുക്കുകയും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയും ചെയ്തതിൽ ഇടപെടാതെ കേന്ദ്ര സർക്കാർ സ്വകാര്യ വിമാനക്കമ്പനികൾക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നതിന് എതിരെയാണ് പ്രതിഷേധം ഉയരുന്നത്. അതേസമയം കൂടുതൽ വിമാന സർവിസുകൾ നടത്താൻ തയാറാണെന്ന് യുഎഇയിലെ വിമാനക്കമ്പനികളുടെ നിർദേശം കേന്ദ്രം നിരസിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തേ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. കൂടാതെ വിവിധ പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും എയർ ഇന്ത്യക്കും കത്തെഴുതിയിട്ടുണ്ട്.
കോവിഡിനുശേഷം സഞ്ചാരികളുടെ എണ്ണം വർധിച്ചുവരുന്നതിനാൽ കൂടുതൽ ഗൾഫ് വിമാനങ്ങൾ ഇന്ത്യയിലേക്ക് അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടി പ്രവാസ സമൂഹത്തോടുള്ള വഞ്ചനയാണെന്ന് പ്രവാസികൾ അഭിപ്രായപ്പെട്ടു. കൂടാതെ പെരുന്നാൾ, ഈസ്റ്റർ, വിഷു തുടങ്ങിയ ആഘോഷ നാളുകളും കേരളത്തിലെ സ്കൂൾ അവധിക്കാലവും പ്രമാണിച്ച് പ്രവാസി മലയാളികൾ കൂടുതൽ യാത്ര ചെയ്യുന്ന സമയമാണിത്. അതേസമയം ദുബായ് എമിറേറ്റ്സ്, കുവൈത്ത് ജസീറ, ടർകിഷ് എയർവേസ്, ഖത്തർ എയർവേസ് തുടങ്ങിയ വിമാനക്കമ്പനികൾ ഇന്ത്യയിലേക്കുള്ള സർവിസുകളുടെ എണ്ണം വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കേന്ദ്രമന്ത്രി നിരസിച്ചതും പ്രതിഷേധത്തിനിടയാക്കി.
കേരളത്തിലെ നാല് എയർപോർട്ടുകളിലേക്കും ഗൾഫ് വിമാന ക്കമ്പനികളുടെ ആവശ്യത്തിനനുസരിച്ച് സർവിസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു. ഗൾഫ് പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, നിർത്തലാക്കിയ എയർ ഇന്ത്യ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുക, മലബാർ മേഖലകളിലേക്ക് വലിയ വിമാനങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങളും പ്രവാസി സംഘടനകൾ ഉന്നയിച്ചു. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി എയർ ഇന്ത്യക്കും കേന്ദ്രത്തിനും നിവേദനം നൽകാൻ ഒരുങ്ങുകയാണിവർ.