റമദാനിൽ ലോകത്തെ വിശക്കുന്നവർക്ക് ആശ്വാസമേകാൻ യുഎഇ. കഴിഞ്ഞ ദിവസം ആരംഭിച്ച 1 ബില്യൺ മീൽസ് പദ്ധതി കൂടാതെ യുഎഇ ഫുഡ് ബാങ്ക് വഴി 30 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
1 ബില്യൺ മീൽസ് പദ്ധതി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്. 30 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ നിർദേശം നൽകിയിരിക്കുന്നത് അദ്ദേഹത്തിൻ്റെ പത്നിയും യുഎഇ ഫുഡ് ബാങ്ക് ചെയർപേഴ്സണുമായ ഷെയ്ഖ ഹിന്ദ് ബിൻത് ജുമാ അൽ മക്തൂമാണ്.
ഭക്ഷണം പാഴാക്കുന്നത് തടയുന്നത് കൂടാതെ അധികം വരുന്ന ഭക്ഷണ-പാനീയങ്ങളുടെ നിലവാരം ഉറപ്പുവരുത്തി അവ ശേഖരിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള അർഹരായവർക്ക് എത്തിക്കുകയാണ് ചെയ്യുക. യുഎഇയുടെ നന്മ, പരോപകാരം, സുസ്ഥിരത എന്നീ ഗുണങ്ങളാകും പദ്ധതിയിലൂടെ പ്രതിഫലിക്കുകയെന്ന് ഡപ്യൂട്ടി ചെയർമാൻ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
എമിറേറ്റ്സ് റെഡ് ക്രസൻ്റ്, ഹോട്ടലുകൾ, റസ്റ്ററൻ്റുകൾ, ഇഫ്താർ കൂടാരങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഫുഡ് ബാങ്ക് പ്രവർത്തിക്കുക. വിവാഹം, പൊതുസമ്മേളനങ്ങൾ, മറ്റ് ആഘോഷ പരിപാടികൾ എന്നിവയുടെ വിരുന്നുകളിൽ ബാക്കിയാകുന്ന ഭക്ഷണം ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചു ശേഖരിക്കും. ഭക്ഷണം ശേഖരിക്കൽ, പാക്കിംഗ്, കേടാകാതെ സൂക്ഷിക്കൽ എന്നിവ ചെയ്യാൻ സന്നദ്ധ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
ഈ വർഷം പരമ്പരാഗത ഇമറാത്തി വിഭവമായ ഹരീസും ശേഖരിച്ച് വിതരണം ചെയ്യും. യുഎഇ ഫുഡ് ബാങ്ക് 2022ൽ യുഎഇയിലും വിദേശത്തുമുള്ള ആളുകൾക്ക് 1.1 കോടി ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. 2020ൽ ഒരു കോടി ആളുകൾക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി വഴി 1.53 കോടിയാളുകൾക്ക് ഭക്ഷണം വിതരണം ചെയ്തിരുന്നു.