അബുദാബി: കൊടുംവേനലിൽ ചുട്ടുപൊള്ളുന്ന യുഎഇയ്ക്ക് ആശ്വാസമായി സുഹൈൽ നക്ഷത്രം തെളിയുന്നു. ആഗസ്റ്റ് 24 ന് പുലർച്ചെ നക്ഷത്രം പൂർണരൂപത്തിൽ ദൃശ്യമാകുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു
സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ രാജ്യം കൊടും ചൂടിൽ നിന്ന് പതിയെ ശൈത്യത്തിലേക്ക് കടക്കും. സുഹൈൽ ഉദിച്ച് നാൽപത് ദിവസത്തിന് ശേഷമായിരിക്കും ശരത്കാലം തുടങ്ങുക. ഇത് രാജ്യത്ത് നഫ്രിയ സീസൺ തുടങ്ങുന്നതിന്റെ സൂചനയാണ്.
അന്തരീക്ഷം പൊതുവെ കുറഞ്ഞ താപനിലയിൽ കാണപ്പെടും ഒപ്പം തന്നെ പിന്നീടുള്ള ആഴ്ചകളിൽ സുഹൈൽ ആകാശത്ത് ദൃശ്യമായിരിക്കും. കാർഷിക മേഖലയ്ക്ക് കൂടുതൽ ഉത്തേജനം ലഭിക്കുന്ന സമയമായിരിക്കും ഇത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സമയത്താകും കൃഷി ആരംഭിക്കുക.
ആഗസ്റ്റ് 24 ന് സുഹൈൽ ഉദിക്കുന്നതിന് പിന്നാലെ ഒക്ടോബർ 2 മുതൽ പകലും രാത്രിയും തുല്യമാകുമെന്നാണ് വിലയിരുത്തൽ. അറബ് വിശ്വാസവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന സുഹൈൽ കൊടും വേനലിൽ നിന്ന് രാജ്യത്തെ ശൈത്യത്തിലേക്ക് കൊണ്ട് പോകുന്ന ശുഭനക്ഷത്രമാണ്.