അജ്മാൻ: യുഎഇയിലെ ഷെയ്ഖ് സുൽത്താൻ ലീഗൽ കണ്സൽട്ടൻസിയുമായി കൈകോർത്ത് മുതിർന്ന അഭിഭാഷകൻ സി.ഉണ്ണികൃഷ്ണൻ. യുഎഇയിലെ പ്രവാസികൾക്ക് നാട്ടിലെ കോടതികളിലെ കേസുകളിൽ ഇനി സുപ്രീംകോടതിയിലേയും കേരള ഹൈക്കോടതിയിലേയും അഭിഭാഷകനായ ഉണ്ണികൃഷ്ൻ്റെയും അദ്ദേഹത്തിന് കീഴിലുള്ള അഭിഭാഷകരുടേയും സേവനം ലഭ്യമാകും
ഇനി മുതൽ യുഎഇയിലെ ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൾട്ടൻസിയിൽ ബന്ധപ്പെട്ട രേഖകളുമായി എത്തുന്നവർക്ക് 48 മണിക്കൂറിനകം കേരള ഹൈക്കോടതിയിലും മറ്റു കോടതികളിലും കേസ് ഫയൽ ചെയ്യാൻ സാധിക്കും. കോടതി വ്യവഹാരങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ട സാഹചര്യം പ്രവാസികൾക്ക് ഇതിലൂടെ ഒഴിവാക്കാനാവും.
ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൾട്ടൻസിയിലെ അഭിഭാഷകരുടെ മുന്നിൽ നേരിട്ടെത്തി സത്യവാങ്മൂലത്തിൽ ഒപ്പിടുന്ന എൻആർഐകൾക്ക് ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ നിയമനടപടികൾ ആരംഭിക്കാം. ഇതിനായുള്ള ധാരണാ പത്രത്തിൽ ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൾട്ടൻസി അഡ്വ.സി.ഉണ്ണികൃഷ്ണനും ഒപ്പിട്ടു.
ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താൻ ബിൻ നാസർ ബിൻ ഹുമൈദ് റാഷിദ് അൽ നുഐമി, ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൾട്ടൻസി സിഇഒ ഫാത്തിമ സുഹറ, മാനേജിംഗ് ഡയറക്ടർ അഷ്റഫ് കാസിം, അഡ്വ. സി ഉണ്ണികൃഷ്ണൻ എന്നിവർ ധാരണാപത്രം ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് സംസാരിച്ചു. പ്രമുഖ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ പത്മഭൂഷൺ എസ് നമ്പി നാരായണൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.
ഏതാണ്ട് മൂന്ന് പതിറ്റാണ്ടിലേറെയായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന സി. ഉണ്ണികൃഷ്ണൻ പ്രമാദമായ ഒട്ടനവധി കേസുകളുടെ ഭാഗമായിട്ടുണ്ട്. ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണന് വേണ്ടിയും, മത്സ്യബോട്ടിന് വെടിവച്ച കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർക്ക് വേണ്ടിയും അഡ്വ. ഉണ്ണികൃഷ്ൻ ഹാജരായിട്ടുണ്ട്.
യുഎഇയിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് മലയാളികളിൽ പലരും നാട്ടിലെ കോടതി നിയമനടപടികൾ മുന്നോട്ട് കൊണ്ടു പോകാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നവരാണ്. നിയമ പ്രതിസന്ധിയിൽ ആരെ സമീപിക്കണമെന്ന് പോലും പലർക്കും അറിയില്ലെന്നും അങ്ങനെയൊരു സാഹചര്യത്തിലാണ് പുതിയ സംവിധാനം വരുന്നത്. തീർച്ചയായും പ്രവാസികൾക്ക് ഇതു ഗുണകരമാണ്. കേസുകളുടെ വ്യക്തിപരമായ മേൽനോട്ടം കൂടാതെ, ശൈഖ് സുൽത്താൻ ലീഗൽ കൺസൾട്ടൻസിയിലെ അഭിഭാഷകരിൽ നിന്നുള്ള കൃത്യമായ നിയമോപദേശവും പ്രവാസികൾക്ക് ലഭിക്കും – അഡ്വ. ഉണ്ണികൃഷ്ണൻ വിശദീകരിച്ചു.
യുഎഇയിലെ നിരവധി പ്രവാസികൾ നാട്ടിൽ പലതരം കേസുകളിൽ കുടുങ്ങികിടക്കുകയാണ്. വർഷങ്ങൾ നീളുന്ന കേസ് നടപടികൾക്കായി ഇവർ നിരന്തരം യാത്ര ചെയ്യുകയും മറ്റു അനവധി ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യുന്നുണ്ട്. തീർച്ചയായും അത്തരം ആളുകൾക്ക് ഉണ്ണികൃഷ്ണനെ പോലെ പരിചയ സമ്പന്നനായ ഒരു അഭിഭാഷകൻ്റെ സഹായം നാട്ടിൽ പോകാതെ ഇവിടെ ലഭിക്കാൻ ഇനി വഴിയൊരുങ്ങും – ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൾട്ടൻസി സിഇഒ ഫാത്തിമ സുഹറ പറഞ്ഞു.