ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ ഈ റമദാനിൽ പ്രവേശനം സൗജന്യമാണെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും രാത്രി 9 മുതൽ 11 വരെയും മ്യൂസിയങ്ങളിലേക്ക് പ്രവേശനമുണ്ടാകും.
വിശുദ്ധ മാസത്തിലെ അവസാന പത്ത് ദിവസങ്ങളിൽ എല്ലാ മ്യൂസിയങ്ങളും രാവിലെ മാത്രം തുറക്കുമെന്നും റമദാൻ 29, 30 തീയതികളിൽ പ്രവേശനം അനുവദിക്കില്ലെന്നും അതോറിറ്റി അറിയിച്ചു.
ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന അമൂല്യവസ്തുക്കൾ ഇസ്ലാമിക നാഗരികതയെക്കുറിച്ച് അറിയാനുള്ള അവസരം ഒരുക്കുന്നു. മ്യൂസിയത്തിലെ അബൂബക്കർ ഗാലറി ഓഫ് ഇസ്ലാമിക് ഫെയ്ത്ത്, കറുത്ത കല്ലിന്റെ മാതൃക, കിസ്വയുടെ കഷണങ്ങൾ, അൽ കഅബയും മക്കയിലെ ഗ്രാൻഡ് മോസ്കും കാണിക്കുന്ന ചിത്രങ്ങളുടെ ഒരു വലിയ ശേഖരം, അൽ കഅബ നിർമ്മിക്കുമ്പോൾ ഇബ്രഹീം പ്രവാചകൻ നിലയുറപ്പിച്ചതായി വിശ്വസിക്കുന്ന പാറ കാണിക്കുന്ന ഒരു ചിത്രം എന്നിവയുണ്ട്. ഇബ്നു അൽ ഹൈതം ഗ്യാലറി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന മറ്റ് വസ്തുക്കൾ വിവിധ മേഖലകളിലെ ഇസ്ലാമിക പണ്ഡിതരുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്നതാണ്. ഡസൻ കണക്കിന് വിശുദ്ധ ഖുർആൻ കൈയെഴുത്തുപ്രതികൾ ഉൾപ്പെടെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.