യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും സംഘാംഗങ്ങളും 25 മണിക്കൂറിന് ശേഷം അന്താരാഷ്ട്ര ബഹരാകാശ നിലയത്തിലെത്തി. നിശ്ചയിച്ച സമയത്തെക്കാളും 20 മിനിറ്റ് വൈകിയാണ് ഡ്രാഗൺ പേടകത്തിന് നാസയുടെ അന്താരാഷ്ട്ര ബഹരാകാശ നിലയവുമായുളള ഡോക്കിംഗ് പൂർത്തിയാക്കാനായത്.
നാസയുടെ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, റോസ്കോസ്മോസ് ബഹിരാകാശയാത്രികൻ ആൻഡ്രി ഫെഡ്യേവ് എന്നിവരോടൊപ്പം സുൽത്താൻ അൽനെയാദിയും ആറുമാസം ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ ചെലവഴിക്കും. യുഎഇ ആസ്ട്രോനറ്റ് പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണങ്ങളും ഇതിൽ ഉൾപ്പെടും. ബഹിരാകാശ പര്യവേഷണത്തിനായി യുഎഇയുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ബഹിരാകാശ നിലയം മൂന്നു തവണ സന്ദർശിച്ചിട്ടുള്ള സ്റ്റീഫൻ ബോവെൻ ആണ് സംഘത്തിൻ്റെ തലവൻ.
ബഹിരാകാശ നിലയത്തിലെ കൊളുത്തുകൾ വിന്യസിക്കുന്നതിലുണ്ടായ പിഴവാണ് പേടകം ബഹാരാകാശ നിലയത്തിൽ ഇറക്കുന്നത് വൈകിച്ചത്. ഈ തകരാർ നാസയിലെ എഞ്ചിനീയർമാർ വേഗം തന്നെ പരിഹരിച്ചു. ഇതിനായി നാസ സോഫ്റ്റുവെയറുകളും സ്പെയ്സ് സ്റ്റേഷനിലേക്ക് അയച്ചുനൽകിയിരുന്നു. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യത്തിന്റെ ഒന്നാം ദിവസമാണ് ഈ കടന്നുപോകുന്നത്.
ബഹിരാകാശ നിലയത്തിൽ ഫ്ലൈറ്റ് എൻജിനീയറായും സുൽത്താൻ അൽ നെയാദി സേവനമനുഷ്ഠിക്കും. കഴിഞ്ഞ 22 വർഷമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിച്ച് മനുഷ്യർ നടത്തിവരുന്ന പരീക്ഷണങ്ങൾക്ക് കൂടുതൽ കരുത്തു പകരാൻ ക്രൂ6 വിക്ഷേപണ വിജയം സഹായിക്കുമെന്നു നാസയുടെ സ്പേസ് ഓപ്പറേഷൻസ് മിഷൻ ഡയറക്ടറേറ്റിന്റെ അസോയിയേറ്റ് അഡ്മിനിസ്ട്രേറ്റർ കാതറിൻ ലൂഡേഴ്സ് പറഞ്ഞു.