നിർണായക ഗതാഗത കരാറിൽ ഒപ്പിട്ട് യുഎഇയും ഒമാനും. ഇരുരാജ്യങ്ങളേയും ഒന്നിപ്പിക്കുന്ന അതിവേഗ റെയിൽ കരാർ ഉൾപ്പെടെയുള്ള 16 സുപ്രധാന കരാറിലാണ് ഒപ്പുവച്ചത്. ഒമാനിലെ സോഹാറുമായി അബുദാബിയെ ബന്ധിപ്പിക്കുന്നതാണ് അതിവേഗ റെയിൽ കരാർ. ഇതുവഴി മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പാസഞ്ചർ, ചരക്ക് ട്രെയിനുകൾ സര്‍വ്വീസ് നടത്തും.
ഇരുരാജ്യങ്ങളുടേയും റെയിൽവേ ശൃംഖല വിപുലീകരിക്കുന്നതിനായി ഒമാൻ റെയിലും എത്തിഹാദ് റെയിലും സംയുക്ത കമ്പനി സ്ഥാപിക്കും. മൂന്ന് ബില്യന്‍ ഡോളറിലാണ് ഈ പദ്ധതിയൊരുങ്ങുന്നത്. യു.എ.ഇ.യും ഒമാനും തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിനൊപ്പം സുസ്ഥിര വികസനത്തിനുളള റോഡ് മാപ്പായി കരാർ രൂപപ്പെടുമെന്ന് ഇത്തിഹാദ് റെയിൽ ചീഫ് എക്സിക്യൂട്ടീവ് ഷാദി മലക് വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ചൊവ്വാഴ്ച ഒമാനിലെത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
ഊർജം, ഗതാഗതം, വാർത്താവിനിമയം, ലോജിസ്റ്റിക്സ്, സമുദ്രഗതാഗതം, വ്യവസായ മേഖലകളിലെ സഹകരണവും നിക്ഷേപവും എന്നീ മേഖലകളിലായി ഇതിനകം 16 കരാറുകളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചത്. യുഎഇയും ഒമാനും തമ്മിലുളള സാഹോദര്യബന്ധം ആഴത്തിലുളളതാണെന്നും സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ ഇരുരാജ്യങ്ങളും പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.