തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോമിൽ വീണ്ടും മാറ്റം വരുത്തി. നിലവിലുള്ള നീല നിറത്തിൽ നിന്നും മാറി പഴയ കാക്കി കളറിലേക്ക് യൂണിഫോം മാറ്റാൻ നിർദേശിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. വിവിധ വിഭാഗം ജീവനക്കാർക്കുള്ള യൂണിഫോം സംബന്ധിച്ച വിശദമായ ഉത്തരവ് കെഎസ്ആർടിസി അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
പഴയ കാക്കി യൂണിഫോമിലേക്കാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ തിരിച്ചുവരുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. 2015-ലാണ് നീലനിറത്തിലേക്ക് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം മാറിയത്. കോർപ്പറേഷനിൽ പുതുമയും പ്രൊഫഷണലിസവും കൊണ്ടു വരാനുള്ള മാനേജ്മെൻ്റ നീക്കത്തിൻ്റെ ഭാഗമായിട്ടായിരുന്നു നിറംമാറ്റം. എന്നാൽ പഴയ കാക്കി കളറിലേക്ക് യൂണിഫോം മാറ്റണമെന്ന് കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് പുതിയ മാറ്റം.
നിലവിൽ കെഎസ്ആർടിസിയിലെ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും നീല ഷർട്ടും കടും നീല പാൻ്റുമാണ് വേഷം. മെക്കാനിക്കൽ ജീവനക്കാർക്ക് ചാരനിറവും ഇൻസ്പെക്ടർമാരുടേത് മങ്ങിയ വെള്ളഷർട്ടും കറുത്ത പാൻ്റുമാണ്. ഉത്തരവ് പ്രകാരം കാക്കി നിറത്തിലുള്ള ഹാഫ് സ്ലീവ് ഷർട്ടും പാൻ്റുമാണ് ഇനി ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും വേഷം. പോക്കറ്റിൽ കെഎസ്ആർടിസിയുടെ എംബ്ലം ഉണ്ടാവും. വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലെ ചുരിദാറും സ്ലീവ്ലെസ് ഓവർകോട്ടുമായിരിക്കും വേഷം. മെക്കാനിക്കൽ ജീവനക്കാർ നേവി ബ്ലൂവിലേക്കും മാറും. പരിഷ്കരണം ഉടനടി നടപ്പാക്കാനായി 60000 മീറ്റർ തുണിക്കുള്ള ഓർഡർ കെഎസ്ആർടിസി കേരള ടെക്സ്റ്റൈൽ കോർപ്പറേഷന് കൈമാറിയിട്ടുണ്ട്.