യുഎഇയിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ച് പത്ത് ശതമാനം ഓഹരികൾക്ക് ഐപിഒ പ്രഖ്യാപിച്ചു. ഏകദേശം 750 ദശലക്ഷം സാധാരണ ഓഹരികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.
അൽ അൻസാരിയുടെ വിജയവഴിയിൽ കരുത്തായത് ഉപഭോക്താക്കൾ, പങ്കാളികൾ യുഎഇ സെൻട്രൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് എന്നിവർക്കിടയിലെ സുദൃഢമായ ബന്ധമാണെന്ന് കമ്പനിയുടെ ഫിനാൻസ് സർവീസസ് ചെയർമാൻ മുഹമ്മദ് അലി അൽ അൻസാരി പറഞ്ഞു.
അതേസമയം കമ്പനിയുടെ ‘ക്വാളിഫൈഡ് ഇൻവെസ്റ്റർ ഓഫർ’ സബ്സ്ക്രിപ്ഷൻ കാലയളവ് മാർച്ച് 16 മുതൽ 24 വരെ നടക്കും. ‘യുഎഇ റീട്ടെയിൽ ഓഫർ’ സബ്സ്ക്രിപ്ഷൻ കാലയളവ് മാർച്ച് 16 മുതൽ 23 വരെയാണ്. ഡിഎഫ്എമ്മിലേക്ക് ഷെയറുകൾ ലിസ്റ്റ് ചെയ്യുന്നത് വഴി അൽ അൻസാരിയുടെ വളർച്ചയ്ക്കും ഓഹരിയുടമകളുടെ വിശ്യാസ്യത നേടുന്നതിനും ഗുണകരമാകും. അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി.എഡി), ഇഎഫ്ജി ഹെർമിസ് യുഎഇ, എമിറേറ്റ്സ് എൻബിഡി ക്യാപിറ്റൽ എന്നിവരെ ഐപിഒയുടെ ജോയിന്റ് ഗ്ലോബൽ കോർഡിനേറ്റർമാരായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അൽ അൻസാരി വ്യക്തമാക്കി.
എന്താണ് ഐപിഒ?
പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിക്കാൻ കമ്പനികൾ ആദ്യമായി ഓഹരി വിൽക്കുന്നതിനെയാണ് ഐപിഒ എന്ന് പറയുന്നത്. ഇതിനു പിന്നാലെയാകും കമ്പനി ഓഹരി വിപണിയുടെ (ലിസ്റ്റിങ്) ഭാഗമാകുക.