അബുദാബി: അബുദാബിയിലെ ക്രിസ്ത്യൻ പള്ളിയുടെ നവീകരണത്തിന് പത്ത് ലക്ഷം ദിർഹം സംഭാവനയായി നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. അബുദാബിയിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ പള്ളികളിലൊന്നായ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന് പുതിയ കെട്ടിടം പണിയാനാണ് യൂസഫലി ഇത്രവലിയ തുക സംഭാവനയായി നൽകിയത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന് അനുബന്ധമായി പുതിയ കെട്ടിട്ടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനോടകം നാൽപ്പത് ശതമാനം നിർമ്മാണം പൂർത്തിയായിട്ടുണ്ട്. അടുത്ത വർഷം മെയ് മാസത്തോടെ നവീകരണം പൂർത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കത്തീഡ്രൽ വികാരി റവ. ഫാദർ എൽദോ എം പോൾ അറിയിച്ചു.
“യൂസഫലിയോട് ഞങ്ങൾ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. പുതിയ കെട്ടിടം പണിയാനുള്ള ശ്രമത്തിൽ ദൈവത്തിന്റെ അനുഗ്രഹമാണ് യൂസഫലി സാർ നൽകിയ ഒരു ദശലക്ഷം ദിർഹത്തിൻ്റെ സഹായം. ജാതി, മത, വർഗ വ്യത്യാസമില്ലാതെ മറ്റുള്ളവരെ സഹായിക്കുന്നയാളാണ് യൂസഫലി. പ്രവാസി സമൂഹത്തിലെ മറ്റു സുമനസ്സുകളിൽ നിന്നും ഞങ്ങൾ കൂടുതൽ പിന്തുണ പ്രതീക്ഷിക്കുന്നു – ഫാദർ പോൾ പറഞ്ഞു.
യുഎഇ രൂപപ്പെടുന്നതിനും മുൻപേ സ്ഥാപിതമായതാണ് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ. 1970-ൽ യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ് ഖാലിദിയയിൽ ഈ പള്ളിക്ക് തറക്കല്ലിട്ടത്. 1983-ൽ പള്ളി മുഷ്രിഫ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചത്. 2004-ൽ പള്ളി ഒരു കത്തീഡ്രലായി ഉയർത്തപ്പെട്ടു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 39 വർഷം പഴക്കമുള്ള പള്ളി കെട്ടിടം പൊളിച്ചു. ഡിസംബറിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.
പള്ളിയുടെ വികസനത്തിനും നവീകരണ പ്രവർത്തനങ്ങൾക്കും യുഎഇ, അബുദാബി ഭരണകൂടങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇക്കാര്യത്തിൽ അവരോട് നന്ദിയുണ്ടെന്നും പള്ളി ഭാരവാഹികൾ പറയുന്നു. പഴയ പൊളിച്ചതോടെ പുതുതായി നിർമ്മിച്ച ഹാളിലാണ് നിലവിൽ പള്ളിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒരു കോടിയോളം ദിർഹം ചിലവിട്ടാണ് ഈ ഹാൾ നിർമ്മിച്ചത്. നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന കത്തീഡ്രൽ കെട്ടിടത്തിന് 15 ദശലക്ഷം ദിർഹം ചെലവാകുമെന്നാണ് കണക്കാക്കുന്നത്. അബുദാബി കത്തീഡ്രലിലെ ഇടവകയിൽ 1,800 കുടുംബങ്ങളിലായി ആറായിരത്തോളം പേർ അംഗങ്ങളാണ്. നിർമ്മാണം പുരോഗമിക്കുന്ന പുതിയ കെട്ടിടത്തിൽ പ്രാർത്ഥന ശുശ്രൂഷയ്ക്ക് 2,000 പേരെ വരെ ഉൾക്കൊള്ളാൻ സാധിക്കുമെന്നും – ഫാദർ പോൾ കൂട്ടിച്ചേർത്തു.