സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ രണ്ട് പ്രകൃതിവാതക പാടങ്ങൾകൂടി കണ്ടെത്തിയതായി റിപ്പോർട്ട്. സൗദി അറേബ്യൻ ഓയിൽ കമ്പനി (സൗദി അരാംകോ) ആണ് രണ്ട് പാരമ്പര്യേതര പ്രകൃതിവാതക പാടങ്ങൾകൂടി കണ്ടെത്തിയത്. ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനാണ് ഇക്കാര്യം അറിയിച്ചത്.
ഹുഫൂഫ് നഗരത്തിൽനിന്ന് 142 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഖവാർ പാടത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തു നിന്നുമാണ് ‘അവ്താദ്’ എന്ന പ്രകൃതിവാതക പാടം കണ്ടെത്തിയത്. ദഹ്റാൻ നഗരത്തിന്റെ 230 കിലോമീറ്റർ തെക്കുപടിഞ്ഞാറായി കണ്ടെത്തിയ ‘അൽ-ദഹ്ന’ പ്രകൃതിവാതക പാടമാണ് മറ്റൊന്ന്.
പുതിയ ഈ കണ്ടെത്തലുകൾ രാജ്യത്തിന്റെ പ്രകൃതിവാതകശേഖരം ശക്തിപ്പെടുത്തുന്നതാണ് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. കൂടാതെ രാജ്യത്തിന്റെ പദ്ധതികളെ പിന്തുണക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇതു സഹായിക്കുമെന്നും ഊർജമന്ത്രി വ്യക്തമാക്കി.