സിറിയയിലെ ഭൂകമ്പ ബാധിത പ്രദേശത്ത് നിന്നും എമിറാത്തി സേർച്ച് ആൻഡ് റെസ്ക്യൂവിന്റെ നേതൃത്വത്തിൽ ഒരു കുടുംബത്തെ രക്ഷപ്പെടുത്തി. ‘ഗാലന്റ് നൈറ്റ്/2’ ഓപ്പറേഷന്റെ ഭാഗമായാണ് എമിറാത്തി സെർച്ച് ആൻഡ് റെസ്ക്യൂ ക്രൂവിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നത്. ഒരു സിറിയൻ കുടുംബത്തിലെ അമ്മയെയും മകനെയും രണ്ട് പെൺമക്കളെയുമാണ് തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തിയത്.
കഹ്റമൻമാരാഷ് പ്രവിശ്യയിൽ നടന്ന തെരച്ചിലിൽ രക്ഷാപ്രവർത്തകർക്കൊപ്പം ദ എമിറേറ്റ്സ് ന്യൂസ് ഏജൻസിയും (ഡബ്ല്യുഎഎം) ഉണ്ടായിരുന്നു. അതേസമയം ഈ കുടുംബത്തെ രക്ഷിക്കാൻ അഞ്ച് മണിക്കൂറിലധികം സമയമാണ് ആവശ്യമായി വന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എമിറാത്തി മെഡിക്കൽ പ്രൊഫഷണലുകൾ കുടുംബത്തിന് അടിയന്തര പിന്തുണ നൽകിയതിനു ശേഷം ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു.
അതേസമയം അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കുടുംബാംഗങ്ങളെ പുറത്തെടുക്കുന്ന പ്രക്രിയയിൽ എമിറാത്തി സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളുടെ മികച്ച പ്രയത്നത്തിനും ഉയർന്ന തലത്തിലുള്ള പ്രൊഫഷണലിസത്തിനും ലോകം മുഴുവൻ കയ്യടിക്കുകയാണ്. കൂടാതെ സംഭവ സ്ഥലത്തുണ്ടായിരുന്ന കുടുംബത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നന്ദിയും അഭിനന്ദനവും അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുർക്കി അധികൃതർ നൽകുന്ന പിന്തുണയെ എമിറാത്തി സെർച്ച് ആൻഡ് റെസ്ക്യൂ ക്രൂ പ്രശംസിച്ചു. അതിജീവിച്ചവരെ കണ്ടെത്താമെന്ന പ്രതീക്ഷയോടെയാണ് ഓരോ ദിവസവും രക്ഷാപ്രവർത്തനം നടത്തുന്നത്. തുർക്കിയിലെയും സിറിയയിലെയും വിവിധ രക്ഷാസംഘങ്ങൾ ഇതിനോടകം നിരവധി പേരെ രക്ഷിച്ചു കഴിഞ്ഞു. എന്നാൽ ഈ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 12,000 ത്തോടടുത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.