തുര്‍ക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പത്തിൽ മരണം 21,000 കടന്നു. തുര്‍ക്കിയില്‍ 17,100 ഉം സിറിയയില്‍ 3,100 വും മരണസംഖ്യ പിന്നിട്ടുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിരവധി പേര് ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരു ലക്ഷത്തിലധികം പേരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. ഇതിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരും ഉൾപ്പെടുന്നു. നൂറ്റാണ്ടിൻ്റെ ദുരന്തം എന്നാണ് തുര്‍ക്കി പ്രസിഡൻ്റ് രജിപ് തയ്യിബ് എര്ദോഗന് ഈ ഭൂകമ്പത്തെ വിശേഷിപ്പിച്ചത്. തകര്‍ന്ന റോഡുകളും വാഹന ദൗര്‍ലഭ്യതയും കാരണം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
അതേസമയം അതിശൈത്യവും മഴയും ഉണ്ടായതിനാൽ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായത് രക്ഷാപ്രവർത്തനം നടത്തുന്നത് പ്രതിസന്ധിയിലാക്കി. കൂടാതെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. സിറിയയിലെ വിമത മേഖലകളിലേക്ക് ഇപ്പോഴും സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. കൂടുതല്‍ സഹായം എത്തിക്കാന്‍ കൈകോര്‍ക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അൻ്റോണിയോ ഗുട്ടെറസ് ലോകത്തോട് അഭ്യര്‍ത്ഥിച്ചു. ഭൂകമ്പ ബാധിത പ്രദേശങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടനാ തലവന്‍ സിറിയയിലേക്ക് ഉടൻ പുറപ്പെടും.
തുര്‍ക്കിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ലോകബാങ്ക് അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനുമായി ധനസഹായം ഉള്‍പ്പെടെ 1.78 ബില്യണ്‍ ഡോളറാണ് തുര്‍ക്കിക്ക് ലോക ബാങ്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. ദുരന്തം അതിജീവിച്ചവർക്ക് പാര്‍പ്പിടം, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ പരമാവധി വേഗത്തില്‍ ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം വീണ്ടും ഒരു മാനുഷിക ദുരന്തം ഉണ്ടാവുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയില്‍ ലോകത്തെ നടുക്കിയ ഭൂകമ്പമുണ്ടായത്.