അമേരിക്കയില്‍ ആദ്യമായി ഒരു ട്രാൻസ്ജൻഡറിന് വധശിക്ഷയ്ക്ക് വിധിച്ചു. മുന്‍ കാമുകിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ആംബര്‍ മക്ലോഫ്ലിൻ എന്ന ട്രാന്‍സ്ജന്‍ഡറാണ് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടത്. അമേരിക്കയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ട്രാന്‍സ്ജന്‍ഡറാണ് ആംബര്‍. മിസോറി ഗവര്‍ണര്‍ പാഴ്സണ്‍ മാപ്പ് നല്‍കാത്ത പക്ഷം വധശിക്ഷ ഉടന്‍ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. വിഷം കുത്തിവച്ചായിരിക്കും ആംബറിനെ വധിക്കുക.
എന്നാൽ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും മാപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 27 പേജുകളുള്ള അപേക്ഷ ഡിസംബര്‍ 12ന് ആംബര്‍ സമര്‍പ്പിച്ചിരുന്നു. ബാല്യകാലത്ത് അനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തി ജീവിതവും അത് മൂലം മാനസികനില തകര്‍ന്നതിനാലുമാണ് കൊലപാതകം ചെയ്തതെന്ന് അപേക്ഷയിലൂടെ ആംബര്‍ വിശദീകരിച്ചു.
ബാല്യത്തിൽ മുഖത്ത് മനുഷ്യമലമടക്കം പുരട്ടി വീട്ടുകാര്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്നും അപേക്ഷയിൽ ആംബര്‍ പറഞ്ഞു. പിന്നീടുള്ള അമിത മദ്യപാനം മാനസിക നില തകര്‍ത്തു. നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും ആംബർ പറഞ്ഞു. എന്നാൽ പിന്നീട് മാനസിക നില കൈവിട്ട് പോയപ്പോഴാണ് കൊലപാതകം ചെയ്തതെന്നും അപേക്ഷയിലൂടെ ഇവര്‍ വിശദീകരിച്ചു.
2003ലാണ് കൊലപാതകം നടന്നത്. ബെവെര്‍ലി ഗുഞ്ചര് എന്ന മുന്‍ കാമുകിയെയാണ് ആംബര്‍ കൊലപ്പെടുത്തിയത്. ഓഫിസ് കെട്ടിടത്തില്‍ ചോരയില്‍ കുളിച്ച നിലയിൽ ഇവരുടെ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. 2006ലാണ് ആംബറിനെതിരെ കൊലക്കുറ്റം ചുമത്തപ്പെടുന്നത്.