32 മണിക്കൂര്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി ട്രാന്‍സ്ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റും ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. പാസ്പോര്ട്ടില് കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ഡിപോര്‍ട്ട് ചെയ്യാനായിരുന്നു ശ്രമം. പഴയ പാസ്പോര്ട്ടില് പുരുഷന് എന്നും പുതിയതില്‍ സ്ത്രീ എന്നും രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.
ഒരു രാത്രി മുഴുവന്‍ വിമാനത്താവളത്തിനുള്ളില്‍ കഴിഞ്ഞ രഞ്ജു രാവിലെയാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയതിന് ശേഷം താരം ഫെയ്സ്ബുക്കില്‍ സന്തോഷം പങ്കുവച്ച് എത്തിയിരുന്നു. തന്റെ സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് ദുബായില്‍ ഇനി സ്വാതന്ത്ര്യത്തോടെ വരാമെന്നും രഞ്ജു പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
അഭിഭാഷകരും ഇന്ത്യന്‍ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി വിവരങ്ങള്‍ ധരിപ്പിച്ചതോടെയാണ് വിമാനത്താവളത്തില്‍ നിന്നും രഞ്ജുവിന് പുറത്തുകടക്കാനായത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പലതവണ ദുബായിയില്‍ വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഇമിഗ്രേഷന്‍ പരിശോധനയിലാണ് നേരത്തെ പുരുഷന് എന്ന് രേഖപ്പെടുത്തിയതു ശ്രദ്ധയില്‍പെട്ടത്. സുഹൃത്തുക്കളുടെ സഹായത്തോടെ അധികൃതരെ കാര്യം ധരിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബായ് ഇമിഗ്രേഷന്‍ മേലുദ്യോഗസ്ഥരും ഇടപെട്ടതോടെ ദുബായില്‍ തുടരാന്‍ രഞ്ജുവിനെ അനുവദിച്ചു.
“നേരത്തേയും ദുബായ് യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഇത്തരം അനുഭവം ആദ്യമായിട്ടായിരുന്നു. 32 മണിക്കൂറോളം ദുബായി എയർപോർട്ടിൽ തങ്ങേണ്ടി വന്നു. തീർത്തും ജയിലിന്റെ അവസ്ഥയായിരുന്നു അത്. എന്നാലും പ്രതിസന്ധിയിൽ തളരാതെ പിടിച്ചുനിന്നു. സഹായിക്കാൻ ഒരുപാട് പേർ പുറത്തുണ്ടെന്നതായിരുന്നു ആത്മവിശ്വാസം. ദുബായി എക്കാലവും പ്രിയപ്പെട്ടതാണ്. സ്ത്രീകൾക്ക് ഒരുപാട് പ്രോത്സാഹനം നൽകുന്നുവെന്നതുകൊണ്ട് തന്നെ ദുബായി സർക്കാരിനോട് ഒരുപാട് നന്ദിയുണ്ട്. പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്നതാണ് ദുബായിയുടെ സവിശേഷത. പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി”. രഞ്ജു രഞ്ജിമാര്‍ എഡിറ്റോറിയലിനോട് പറഞ്ഞു.