ട്രാഫിക് പിഴകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഷാർജ. പിഴ അടയ്ക്കേണ്ടവർ നേരത്തെ അടച്ചാൽ 35 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു. നിയമ ലംഘനം നടത്തിയ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയാണെങ്കിൽ 35 ശതമാനം കിഴിവ് ലഭിക്കും. കൂടാതെ നിയമലംഘനം നടത്തി 60 ദിവസത്തിനും ഒരു വർഷത്തിനും ഇടയിൽ പിഴയടച്ചാൽ 25 ശതമാനം ഇളവ് ലഭിക്കും.
2023 ഏപ്രിൽ 1 മുതൽ നിയമം പ്രാബല്യത്തിൽ വരും. ചൊവ്വാഴ്ച ചേർന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഷാർജ ഉപ ഭരണാധികാരിയും ഷാർജ എമിറേറ്റ്സ് എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
അതേസമയം ട്രാഫിക് നിയമലംഘനം നടത്തി ഒരു വർഷത്തിന് ശേഷമാണ് പിഴ അടയ്ക്കുന്നതെങ്കിൽ പിഴയിലോ ഫീസിലോ ഇളവുകൾ ലഭിക്കില്ല. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് ഗുരുതരമായ നിയമലംഘനങ്ങൾക്ക് ബാധകമായിരിക്കില്ല.