ദില്ലി: ഡല്‍ഹി മദ്യനയ അഴിമതി കേസിൽ തീഹാർ ജയിലിലായിരുന്ന അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കെജ്രിവാൾ തീഹാർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കർശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സിബിഐ രജിസ്റ്റര്‍ചെയ്ത കേസില്‍ കെജ്രിവാളിന് സ്ഥിരം ജാമ്യം അനുവദിച്ചത്. അനന്തമായി ഒരാളെ ജയിലിൽ ഇടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കെജ്രിവാളിന് ജാമ്യം നൽകിയത്.
കൂട്ടിലടച്ച തത്തയാണെന്ന ജനങ്ങളുടെ ധാരണ സിബിഐ തിരുത്തണമെന്നും സിബിഐ സീസറിന്റെ ഭാര്യയെപ്പോലെ ആയിരിക്കണമെന്നും സംശയത്തിന് അതീതയാവണമെന്നും ജസ്റ്റിസ് ഭുയാന്‍ പരാമര്‍ശിച്ചു. ഇ.ഡി കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞ കെജ്രിവാളിനെ അറസ്റ്റുചെയ്തത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഭുയാന്‍ അഭിപ്രായപ്പെട്ടു.
കേസിലെ നിലവിലുള്ള നടപടികളുമായി ബന്ധപ്പെട്ട് പരസ്യമായ പ്രസ്താവനകളോ അഭിപ്രായങ്ങളോ നടത്തരുതെന്ന് അരവിന്ദ് കെജ്രിവാളിന്
കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ഔദ്യോഗികമായി ഇളവ് അനുവദിച്ചില്ലെങ്കില്‍ വിചാരണ കോടതിക്ക് മുമ്പാകെയുള്ള എല്ലാ ഹിയറിംഗുകളിലും അദ്ദേഹം ഹാജരാകേണ്ടതുണ്ട്. ജാമ്യത്തിലിറങ്ങിയാല്‍ കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ഓഫീസിലോ ദില്ലി സെക്രട്ടേറിയറ്റിലോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല, കെജ്രിവാളിന് ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടാന്‍ കഴിയില്ല തുടങ്ങിയ വ്യവസ്ഥകളാണുള്ളത്.