ലേ: ലഡാക്കിലെ വിനോദസഞ്ചാര മേഖലയിൽ വിപ്ലകരമായ മാറ്റങ്ങൾ തുടക്കമിട്ട് കൊണ്ട് നിരോധിതമേഖലകൾ വിനോദസഞ്ചാരികൾക്കായി തുറക്കുന്നു. വിദേശസഞ്ചാരികൾക്കും ആഭ്യന്തര സഞ്ചാരികൾക്കും ഒരു പോലെ പ്രിയപ്പെട്ട ലഡാക്ക് പൂർണമായും വിനോദസഞ്ചാരികൾക്കായി തുറക്കാനാണ് സൈന്യം അനുമതി നൽകിയിരിക്കുന്നത്. പ്രതിരോധ വൃത്തങ്ങളിലെ നീണ്ട നാളത്തെ ചർച്ചകൾക്ക് ശേഷമാണ് സുപ്രധാനമായ ഈ തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
തന്ത്രപ്രധാന പ്രതിരോധമേഖലകളായ മാർസിമിക് ലാ, സോഗ്റ്റ്സാലോ, ചാങ് ചെൻമോ എന്നീ പ്രദേശങ്ങൾ അടക്കം സഞ്ചാരികൾക്കായി തുറന്നു കൊടുക്കാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം. ലഡാക്കിലെ പാംഗോങ് തടാകത്തിലെ പട്രോളിംഗ് പോയിന്റുകൾക്ക് സമീപമുള്ള തന്ത്രപ്രധാനമായ ചാങ് ചെൻമോ സെക്ടറിലേക്ക് സഞ്ചാരികൾക്ക് ബൈക്ക് ഓടിക്കാൻ കഴിയുന്ന തരത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാണ് സൈന്യം ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായിട്ടാവും പ്രതിരോധമേഖലകളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുക എന്നാണ് സൂചന.
സൈനികവൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച് 18314 അടി ഉയരമുള്ള മാർസിമിക് ലാ (പാസ്) തുടങ്ങി സോഗ്ത്സാലോ വരെ സഞ്ചരിക്കാൻ ഇനി സഞ്ചാരികളെ അനുവദിക്കും. ചൈനീസ് നിയന്ത്രണരേഖയോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങളാണിവ. രണ്ടാം ഘട്ടത്തിൽ, ലഡാക്കിലെ ചൂട് നീരുറവകളിൽ ഇറങ്ങാൻ സഞ്ചാരികളെ അനുവദിക്കും. 1959 ഒക്ടോബറിലെ ചൈന – ഇന്ത്യ അതിർത്തി സംഘർഷത്തിൽ വീരമൃത്യു വരിച്ച പത്ത് സൈനികരുടെ സ്മാരകവും ഇനി സഞ്ചാരികൾക്ക് സന്ദർശിക്കാം.
“ഹോട്ട് സ്പ്രിംഗ്, സോഗ്റ്റ് സലോ തുടങ്ങിയ സ്ഥലങ്ങൾക്ക് പുറമേ, മാർസിമിക് ലാ ഉൾപ്പെടെയുള്ള നിരവധി ട്രക്കിംഗ് റൂട്ടുകളും തുറക്കുന്നതിന് ഇന്ത്യൻ സൈന്യം അംഗീകാരം നൽകിയിട്ടുണ്ട്” സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സഞ്ചാരികളെ പ്രവേശിപ്പിക്കാൻ സൈന്യം അനുമതി നൽകിയതിന് പിന്നാലെ വിപുലമായ അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്ക് ലേ ഭരണകൂടം ഒരുക്കം തുടങ്ങിയിട്ടുണ്ട്. സഞ്ചാരികളുടെ കുത്തൊഴുക്ക് മുന്നിൽ കണ്ട് ലഡാക്കിലെ വിവിധ ഇടങ്ങളിൽ മെഡിക്കൽ സൗകര്യങ്ങൾ സജ്ജമാക്കുകയും നിലവിലുള്ളവ വിപുലപ്പെടുത്തുകയും ചെയ്യും. നിരവധി സെൽഫി പോയിൻ്റുകളും ഒരുക്കും.
നിരീക്ഷണം കർശനമാക്കുന്നതിനായി കൂടുതൽ ചെക്ക് പോയിൻ്റുകൾ സ്ഥാപിക്കാൻ ലഡാക്ക് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. റോഡുകളുടെ നിർമ്മാണവും നവീകരണവും ബ്രോ (ബോർഡർ റോഡ് ഓർഗനൈസേഷൻ) ഏറ്റെടുക്കും. അതിർത്തി പ്രദേശങ്ങൾ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നതോടെ ഈ പ്രദേശങ്ങളിൽ വലിയ വികസനമുണ്ടാവും എന്ന പ്രതീക്ഷയിലാണ് ലഡാക്ക് ഭരണകൂടം. ലഡാക്കിലെ അതിർത്തി മേഖലകളിൽ സഞ്ചാരികൾക്ക് വളരെ പരിമിതമായ രീതിയിലാണ് ഇതുവരെ പ്രവേശനം അനുവദിച്ചിരുന്നത്.