പുക വലിക്കാത്ത രാജ്യമായി മാറാനൊരുങ്ങി ന്യൂസീലൻഡ്. 2008 ന് ശേഷം ജനിച്ചവർക്ക് ഇനിയൊരിക്കലും സിഗരറ്റ് വാങ്ങാനാകാത്ത വിധം കർശന നിയന്ത്രണങ്ങളുള്ള നിയമത്തിന് ന്യൂസീലൻഡ് പാർലമെന്റ് അംഗീകാരം നൽകി. ഇതോടെ സിഗരറ്റ് വാങ്ങാനുള്ള പ്രായം ഓരോ വർഷവും കൂടും. ലോകത്തെ ആദ്യത്തെ പുകവലി നിയന്ത്രണ നിയമമാണു പാസ്സായത്. ആ ശീലം തുടങ്ങാൻ യുവാക്കൾക്ക് അവസരം കൊടുക്കാതിരിക്കാനാണ് ഇത്തരമൊരു നിയമം.
നിലവിൽ 18 വയസ്സാണ് കടയിൽനിന്ന് സിഗരറ്റ് വാങ്ങാനുള്ള ഏറ്റവും കുറഞ്ഞ പ്രായം. എന്നാൽ അടുത്ത വർഷം മുതൽ ഈ പ്രായപരിധി കൂടിക്കൊണ്ടിരിക്കും. അതേസമയം പുകയില ഉൽപന്നങ്ങളിലെ അനുവദനീയ നിക്കോട്ടിന്റെ അളവ് കുറയ്ക്കുക, എല്ലാ കടകളിലും ലഭ്യമാകുന്ന സാഹചര്യം ഇല്ലാതാക്കി പകരം പ്രത്യേക വിൽപന കേന്ദ്രങ്ങൾ കർശനമാക്കുക, വില കൂട്ടുക എന്നിങ്ങനെയുള്ള നടപടികളും ഇതിനോടൊപ്പം നടപ്പിലാക്കും. കൂടാതെ പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന ആറായിരത്തോളം കടകൾ 600 ആക്കി ചുരുക്കാനുള്ള പദ്ധതിയുമുണ്ട്.
ന്യൂസിലൻഡിലെ പുകവലി നിരക്ക് നിലവിൽ വളരെ താഴെയാണുള്ളത്. എട്ടു ശതമാനം മാത്രമാണ് മുതിർന്നവരിൽ പുകവലി ശീലമുള്ളത്. കഴിഞ്ഞ വർഷം ഇത് 9.4 ശതമാനമായിരുന്നു. അതേസമയം പുതിയ നിയമം പാസായതിലൂടെ ഇത് അഞ്ച് ശതമാനത്തിനും താഴെ എത്തിക്കാനാകുമെന്നാണ് പാർലിമെന്റ് പ്രതീക്ഷിക്കുന്നത്. ഇത് മൂലം ആയിരക്കണക്കിന് ആളുകൾക്ക് കുടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുമെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പുകവലി അനുബന്ധ രോഗങ്ങൾക്കായി ചെലവഴിക്കേണ്ട 320 കോടി അമേരിക്കൻ ഡോളർ ആരോഗ്യ മേഖലയിൽ ലാഭിക്കാനാകുമെന്ന് ആരോഗ്യ മന്ത്രി അയേഷ വെറാൾ പറഞ്ഞു.