തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വാസ്സുകാരിയായ കൊലപാതകവുമായി ബന്ധപ്പെട്ട് ജോത്സ്യൻ കസ്റ്റഡിയിൽ. അമ്മ ശ്രീതുവുമായി അടുപ്പമുണ്ടായിരുന്ന പൂജാരി കരിക്കകം സ്വദേശി പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൂകാംബിക മഠം എന്ന പേരിൽ ഇയാൾ ആശ്രമം നടത്തി വരികയായിരുന്നു. പ്രദീപ് കുമാറിന്റെ ഇപ്പോഴത്തെ പേര് ശംഖുമുഖം ദേവീദാസൻ എന്നാണ്. ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ കുടുംബത്തിന് വലിയ തോതിൽ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുടുംബം പലരിൽനിന്നായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിരുന്നു.
ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. അമ്മയെ നിലവിൽ പോലീസ് പ്രതി ചേർത്തിട്ടില്ല. ശ്രീതുവിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും നിലവിൽ പോലീസിന്റെ കയ്യിലില്ല. ഇന്നത്തെ ചോദ്യം ചെയ്യലിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. നിലവിൽ മഹിളാകേന്ദ്രത്തിലുള്ള ശ്രീതുവിനെ കൂടുതൽ ചോദ്യം ചെയ്യാനും പോലീസ് നീക്കമുണ്ട്. അതേസമയം കൃത്യത്തിൽ ശ്രീതുവിനും പങ്കുണ്ടെന്ന നിലപാടിലാണ് നാട്ടുകാർ. ബാലരാമപുരം കോട്ടുകാൽക്കോണം വാറുവിളാകത്തുവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതിമാരുടെ മകളെ വ്യാഴാഴ്ച കാലത്താണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച വെളുപ്പിനാണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ ശ്രീതു അതിരാവിലെ അയൽക്കാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് മണിക്കൂറുകളോളം പ്രദേശത്താകെ തിരഞ്ഞു. ഒടുവിൽ അഗ്നിരക്ഷാസേനയെത്തി വീട്ടുമുറ്റത്തെ കിണർ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. ബന്ധുക്കളെ സ്റ്റേഷനിൽ വിളിപ്പിച്ചു ചോദ്യംചെയ്തപ്പോൾ ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ കുറ്റം സമ്മതിച്ചു.