ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂൽ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. സംസ്ഥാനത്തെ 42 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് ഔദ്യോഗികമായി കളത്തിലിറങ്ങി.. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനും തൃണമൂല്‍ സ്ഥാനാർത്ഥിയായി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്. അധിർ രഞ്ജൻ ചൗധരിക്കെതിരെ ബെഹ്റാംപൂരില്‍ നിന്നാവും യൂസഫ് പഠാന് മത്സരിക്കുക. മഹുവ മൊയ്ത്ര കൃഷ്ണനഗറിലും അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ സ്ഥാനാര്‍ത്ഥിയാകും. ഇതോടെ ഇന്ത്യ സഖ്യമില്ലാതെയാവും.
ഇന്ത്യ സഖ്യത്തിൽ ഉൾപ്പെട്ട തൃണമൂൽ കോണ്‍ഗ്രസുമായി മാസങ്ങളായി കോണ്‍ഗ്രസ് സീറ്റ് വിഭജന ചർച്ചകൾ നടത്തി വരികയായിരുന്നു. എന്നാൽ 42-ൽ മൂന്ന് സീറ്റുകൾ മത്സരിക്കാൻ വേണമെന്ന കോണ്‍ഗ്രസ് ആവശ്യം ഒരു ഘട്ടത്തിലും മമത അംഗീകരിച്ചില്ല. ഇതോടെ കോണ്‍ഗ്രസും ഇടതുപക്ഷവും ചേർന്നുള്ള സഖ്യമാവും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുകയെന്നാണ് സൂചന.