തിരുവനന്തപുരം: തിരുവനന്തപുരം പി എ അസീസ് കോളേജിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി.തിരുവനന്തപുരം നെടുമങ്ങാടുളള കോളേജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം. കോളേജ് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജിൽ ഉടമയുടെ മൊബാൾ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുൾ അസീസിൻറേത് തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമയായ അസീസിന് കടബാധ്യതയുള്ളതായാണ് നാട്ടുകാർ പറയുന്നത്. കടം വാങ്ങിയവർ പണം തിരികെ ആവശ്യപ്പെട്ട് ഇന്നലെ ഉൾപ്പെടെ ബഹളം ഉണ്ടാക്കിയിരുന്നതായി ആളുകൾ പറയുന്നുണ്ട്. ഇന്നലെ കോളേജ് പരിസരത്ത് അസീസിനെ കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു.
കൂടുതൽ പരിശോധനയ്ക്കുശേഷമെ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാനാകുവെന്നും പൊലീസ് പറഞ്ഞു.