നടൻ കൊല്ലം സുധി വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിലാണ് മലയാള സിനിമയിലേയും മിമിക്രി രംഗത്തേയും സഹപ്രവർത്തകർ. വാഹനാപകടത്തിൽ മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപും സുധിയെ കാണുകയും സംസാരിക്കുകയും ഒന്നിച്ചു ഫോട്ടോയെടുക്കുകയും ചെയ്തിരുന്നുവെന്നും മരണവാർത്ത ഞെട്ടിച്ചെന്നും നടൻ ടിനി ടോം പറയുന്നു. കൊല്ലം സുധിക്കും അപകടത്തിൽ ഗുരുതര പരിക്കേറ്റ ബിനു അടിമാലിക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ടിനി ടോം ദുഖം പങ്കുവച്ചത്. മൂവർക്കും ഒപ്പം നടനും മിമിക്രി താരവുമായ കലാഭവൻ പ്രജോദും ചിത്രത്തിലുണ്ട്.
ടിനി ടോമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് –
ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട് വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ …… ആദരാഞ്ജലികൾ മുത്തേ
ഇന്ന് പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പമംഗലത്തിന് അടുത്ത പനമ്പിക്കുന്നിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരണപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്ന നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. സാരമായ പരിക്കേറ്റതിനാൽ ബിനു അടിമാലിയേയും ഉല്ലാസ് അരൂരിനേയും കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. വടകരയിൽ സ്വകാര്യ ചാനലിൻ്റെ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചു പോകുകയായിരുന്നു താരങ്ങൾ.