മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ ആരംഭിക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടികമ്പനിയാണ്. പതിനാല് വർഷത്തിന് ശേഷം മോഹൻലാൽ മമ്മൂട്ടിക്കൊപ്പം സ്ക്രീൻ പങ്കിടുന്നു എന്നതാണ് ചിത്രത്തിൻ്റെ പ്രത്യേകത.
View this post on Instagram
ഏറെക്കാലമായി ചർച്ചയിലുള്ള മഹേഷ് നാരായണൻ ചിത്രത്തിൻ്റെ ഷൂട്ടിംഗാണ് ഈ ആഴ്ച കൊളംബോയിൽ ആരംഭിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി നേരത്തെ തന്നെ മഹേഷ് നാരായണൻ ശ്രീലങ്കയിൽ എത്തിയിരുന്നു. ഇന്നാണ് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ കൊളംബോയിലേക്ക് തിരിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ താരങ്ങൾ എത്തുന്നതിൻ്റെ ദൃശ്യങ്ങളും കൊളംബോയിൽ നിന്നും കുഞ്ചാക്കോ ബോബൻ ഇരുവർക്കുമൊപ്പം പങ്കുവച്ച ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
മമ്മൂട്ടിയേയും മോഹൻലാലിനേയും കൂടാതെ കുഞ്ചാക്കോ ബോബൻ, നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ആൻ്റണി, ജോർജ്ജ്, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ട്രൂത്ത് ഗ്ലോബൽ മേധാവി സമദ്, തുടങ്ങി നിരവധി പേരും കൊളംബോയിൽ എത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബനെ കൂടാതെ ഫഹദ് ഫാസിൽ, നയൻ താര, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ ചിത്രത്തിൽ അതിഥി താരമായി എത്തുമെന്ന തരത്തിലും വാർത്തകളുണ്ട്. നേരത്തെ സുരേഷ് ഗോപി ചെയ്തേക്കും എന്ന് പ്രചരിക്കപ്പെട്ട റോളിലേക്കാണ് ഇപ്പോൾ മോഹൻലാൽ എത്തിയത് എന്നാണ് സൂചന.
ശ്രീലങ്കയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം കേരളം, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളിലും ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടക്കും. ശ്രീലങ്കയിൽ മാത്രം മുപ്പത് ദിവസത്തെ ഷൂട്ടിംഗാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനായി ഡീഏജിംഗ് ടെക്നോളജി ഉപയോഗപ്പെടുത്തുമെന്ന തരത്തിലും വാർത്തകൾ വന്നിട്ടുണ്ട്.