ഖത്തർ ഫിഫ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ കപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപനയ്ക്ക് തുടക്കമായി. സെപ്റ്റംബർ 9ന് സൗദി അറേബ്യ പ്രോ ലീഗ് ചാംപ്യന്മാരും ഈജിപ്തിന്റെ പ്രീമിയർ ലീഗ് ചാംപ്യൻമാരും തമ്മിലാണ് ആദ്യ പോരാട്ടം.
ഫിഫയുടെ വെബ്സൈറ്റിലൂടെ മാത്രമേ ടിക്കറ്റ് ലഭിക്കൂ. ലഭ്യത അനുസരിച്ച് ആദ്യമെത്തുന്നവർക്ക് ആദ്യം ടിക്കറ്റ് ലഭിക്കും. സ്ഥിരീകരണം ലഭിക്കുന്നവർക്ക് ഉടൻ പണം അടച്ച് ടിക്കറ്റ് വാങ്ങാം. കാറ്റഗറി ഒന്നിന് 200 റിയാൽ, രണ്ടിന് 150 റിയാൽ, മൂന്നിന് 80 റിയാൽ, നാലിന് 40 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.
സ്റ്റേഡിയത്തിൽ പ്രവേശിക്കണമെങ്കിൽ ഹയാ കാർഡും നിർബന്ധമാണ്. സെപ്റ്റംബർ 9ന് രാത്രി 7.00നാണ് മത്സരം. ഗേറ്റുകൾ 4.30ന് തുറക്കും. ടിക്കറ്റുകൾക്ക്: https://www.fifa.com/fifaplus/en/tournaments/mens/lusail-super-cup എന്ന വെബ്സൈറ്റ് സന്ദർശിക്കാം.