മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വന്ദ്യ തിരുമേനി ദൈവദാസൻ മാർ ഈവാനിയോസ് മെത്രപൊലീത്തയുടെ 70 മത് ശ്രാദ്ധതിരുന്നാൾ സഭ ആചരിക്കുന്ന അതേ ദിവസങ്ങളിൽ ദുബായിലെ സാമൂഹിക പ്രവർത്തകനും മലങ്കര കത്തോലിക്കാ സഭാ മാവേലിക്കര രൂപതാ അംഗവുമായ സിജു പന്തളം ലേബർ ക്യാംപിലും ഭക്ഷണപൊതികൾ നേർച്ചയായി നൽകാറുണ്ട്.
ഇക്കുറിയും ആ പതിവ് തെറ്റിയില്ല മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും ലേബർ ക്യാമ്പുകളിൽ സിജു ഭക്ഷണ പൊതികൾ നേർച്ചയായി നൽകി. ഇന്നലെയും ഇന്നുമായി ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലായ നിരവധി പേർക്ക് സിജു ഭക്ഷണപൊതികൾ വിതരണം ചെയ്തു. ദുബായിൽ ട്രക്ക് ഡ്രൈവറായ സിജു തൻ്റെ ചെറിയ വരുമാനത്തിൽനിന്നുള്ള തുക മിച്ചം പിടിച്ചാണ് ഈ സഹായം ഉറപ്പാക്കിയത്.
മകൾ അഞ്ചലയേയും ഒപ്പം കൂട്ടിയാണ് സിജു ഇക്കുറി ഭക്ഷണപ്പൊതി വിതരണത്തിന് എത്തിയത്. പ്രവാസ ജീവിതത്തിനിടെ ഉണ്ടായ വലിയ പ്രതിസന്ധികളിൽ അഭിവന്ദ്യ മാർ ഇവനിയോസ് തിരുമേനിയുടെ അനുഗ്രഹം തനിക്ക് കരുത്തും ആശ്വാസവുമായിരുന്നുവെന്നും അതിനുള്ള നന്ദിയാണ് കർമ്മമെന്നും സിജു പറയുന്നു.