ദുബായിൽ ആൺകുഞ്ഞിനെ ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ജയിൽ ശിക്ഷ. 12,000 ദിർഹത്തിന് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതിനാണ് വിവിധ രാജ്യക്കാരായ മൂന്ന് ഏഷ്യൻ സ്ത്രീകൾക്ക് ദുബായ് ക്രിമിനൽ കോടതി തടവ് ശിക്ഷ വിധിച്ചത്. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സോഷ്യൽ മീഡിയ ഉപയോക്താക്കൾ നൽകിയ സൂചനയെത്തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.
രണ്ട് മാസത്തിൽ താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയിരുന്നതായി ഒരു പോലീസുകാരി മൊഴി നൽകി. കുഞ്ഞിനെ വിൽക്കാൻ തയ്യാറായ അമ്മയാണ് കേസിൽ ഒന്നാം പ്രതി. കുട്ടിയെ അമ്മയിൽ നിന്ന് കൊണ്ടുവരാൻ ശ്രമിച്ചയാളാണ് രണ്ടാം പ്രതി. കുഞ്ഞിനെ സ്വീകരിച്ച സ്ത്രീ മൂന്നാം പ്രതിയുമാണ്.
ചോദ്യം ചെയ്യലിൽ കുഞ്ഞ് അവിഹിത ബന്ധത്തിന്റെ ഫലമാണെന്നും പണം ആവശ്യമുള്ളതിനാലാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചതെന്നും കുട്ടിയുടെ അമ്മ സമ്മതിച്ചു. മൂന്ന് പ്രതികൾക്കുമുള്ള മൂന്ന് വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം നാടുകടത്തും. കുഞ്ഞിനെ പ്രത്യേക ശിശു പരിചരണത്തിൽ പാർപ്പിക്കും.