വിഴിഞ്ഞം വെള്ളായണി കായലിലെ വവ്വാമൂല ഭാഗത്ത് മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ മണക്കാട് സ്വദേശി മുകുന്ദന് ഉണ്ണി (19) വിഴിഞ്ഞം സ്വദേശി ലിബിനോ (19)വെട്ടുകാട് സ്വദേശി ഫെര്ഡിനാന് (19) എന്നിവരാണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ കുളിക്കാനിറങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. നാലംഗ സംഘത്തില്‍ മൂന്ന് പേര് മരിക്കുകയും ഒരാള്‍ രക്ഷപ്പെടുകയും ചെയ്തു.
അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു സംഘം. കായലില്‍ മണല്‍ എടുത്ത ഭാഗത്തെ കയത്തില്‍പ്പെട്ടാണ് അപകടം ഉണ്ടായത്. ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ബാക്കിയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ആളുകള്‍ സ്ഥിരമായി കുളിക്കാന്‍ വരുന്ന സ്ഥലം ആണ് ഇതെന്നും ഇതുവരെയും ഇത്തരം അപകടങ്ങള്‍ ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
അപകടം നടന്ന ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരെ രക്ഷിക്കാന്‍ സാധിച്ചില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.