കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന 12കാരിയാണ് മരിച്ചത്. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
പെണ്‍കുട്ടിക്ക് സ്ഫോടനത്തില്‍ 95 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശ പ്രകാരം ആവശ്യമായ ചികിത്സ നല്കികൊണ്ടിരിക്കുന്നതിനിടെ മരുന്നുകളോട് പ്രതികരിക്കാതെ വരികയും തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 12.40ന് മരിക്കുകയും ചെയ്തു.
ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേര് കഴിഞ്ഞ ദിവസം തന്നെ മരിച്ചിരുന്നു. ഇരുവരെയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശി കുമാരി(53) എന്നിവരാണ് ഇന്നലെ മരിച്ച രണ്ട് പേര്.
ലയോണ പൗലോസിനെ ഞായറാഴ്ച രാത്രി വൈകിയാണ് തിരിച്ചറിഞ്ഞത്. സ്ഫോടനത്തില്‍ ആദ്യം മരിച്ചത് ഇവരായിരുന്നു. ലയോണ ഒറ്റയ്ക്കാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇവരുടെ മോതിരം കണ്ട് ബന്ധുവാണ് ആളെ തിരിച്ചറിഞ്ഞത്. ലയോണയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന തെരച്ചിലില്‍ ആണ് ലയോണയെ തിരിച്ചറിഞ്ഞത്. അതേസമയം, കുമാരിയെ മരിച്ച ഉടനെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
സ്ഫോടനത്തില്‍ പരിക്കേറ്റ് 25 ഓളം പേര് നിലവില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 9.40 ഓടെയാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ കടവന്ത്ര സ്വദേശി ഡൊമിനിക് മാര്ട്ടിന് പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തവും ഇയാള്‍ ഏറ്റെടുത്തിട്ടുണ്ട്. ഒറ്റയ്ക്കാണ് സ്ഫോടനം നടത്തിയതെന്നും ഇയാള്‍ സമ്മതിക്കുന്നുണ്ട്.