ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ അസോസിയേഷനായ ഫിയോക്. സിനിമ തിയേറ്ററില്‍ ഉടമയ്ക്ക് ഇഷ്ടപ്പെട്ട പ്രൊജക്ടര്‍ വെക്കാനുള്ള അവകാശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിനാലാണ് ഇത്തരത്തിലൊരു പ്രതിഷേധമെന്നുമാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ ദി എഡിറ്റോറിയലിനോട് പറഞ്ഞത്.
വിജയകുമാര്‍ പറഞ്ഞത് :
സിനിമ തിയേറ്ററിന് ഉള്ളില്‍ തിയേറ്ററിന് അനുയോജ്യമായ അല്ലെങ്കില്‍ തിയേറ്റര്‍ ഓണര്‍ക്ക് ഇഷ്ടമായ പ്രൊജക്ടര്‍ വെക്കാനുള്ള അവകാശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഒരു നാല് അഞ്ച് പേര് ഒരു കമ്പനി രജിസ്റ്റര്‍ ചെയ്ത് ഉണ്ടാക്കി അവര്‍ ഒരു പുതിയ സര്‍വ്വീസ് പ്രൊവൈഡേഴ്സ് ആയി മാറിയിരിക്കുകയാണ് കേരളത്തില്‍. അപ്പോള്‍ അവര്‍ പറയുന്ന പ്രൊജക്ടറേ വെക്കാന്‍ പാടുകയുള്ളു എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അത് സാധിക്കില്ലെങ്കില്‍ വെര്‍ച്വല്‍ പ്രിന്റ് ഫീസ് (വിപിഎഫ്) തിയേറ്റര്‍ ഉടമകള്‍ കൊടുക്കണമെന്നാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. അത് ശരിക്കും നിര്‍മ്മാതാക്കളാണ് നല്‍കേണ്ടത്.
എന്നാല്‍ നിലവിലെ തിയേറ്ററുകളില്‍ ആളില്ലാത്ത അവസ്ഥയില്‍ അതും കൂടെ തിയേറ്റര്‍ ഉടമകള്‍ കൊടുത്താല്‍ എന്ന് തിയേറ്റര്‍ അടച്ച് പൂട്ടി എന്ന് ചോദിച്ചാല്‍ മതി. അത്രത്തോളം ഭീകരമാണ് അവസ്ഥ. ഇത് തിയേറ്റര്‍ ഉടമകളുടെ അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട് അയാള്‍ ഏത് പ്രൊജക്ടര്‍ വെക്കണം അല്ലെങ്കില്‍ ഇന്ന കണ്ടെന്റ് ഉപയോഗിക്കണം എന്ന് പറയാനുള്ള അവകാശം ആര്‍ക്കും ഇല്ല. അപ്പോള്‍ അത് കുറേശെ കുറേശെ ഇവരുടെ അവകാശമാക്കി മാറ്റുന്നതിലാണ് ഈ പ്രതിഷേധം. വേറെ ഒരു ഭാഷാ ചിത്രങ്ങള്‍ക്കും ഈ പ്രശ്നമില്ല. അതുകൊണ്ട് ഫെബ്രുവരി 22 മുതല്‍ മലയാള ചിത്രങ്ങള്‍ അതായത് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുകയില്ല. മഞ്ഞുമ്മല്‍ ബോയ്സ് 22നാണ് റിലീസ് പറഞ്ഞിരിക്കുന്നത്. അതിന് മുന്‍പ് ഈ വിഷയത്തില്‍ എന്തെങ്കിലും ചര്‍ച്ചയോ തീര്‍പ്പോ ഉണ്ടായി കഴിഞ്ഞാല്‍ തീര്‍ച്ചയായും തിയേറ്ററിന്റെ സഹകരണം ഉണ്ടാകും. ഇതൊരു സമരമല്ല ഇത് പ്രതിഷേധമാണ്.